കോട്ടയം: വൈക്കത്ത് തെങ്ങുകയറ്റക്കാരൻ തലകീഴായി തെങ്ങിൽ കുരുങ്ങി. തലയോലപ്പറമ്പ് വടയാർ വല്യാറത്തറയിൽ വിക്രമനാണ് തെങ്ങിൽ കുരുങ്ങിയത്. വടയാർ മാക്കോക്കുഴിയിൽ പാടശേരിപടവിൽ മാത്യുവിന്‍റെ പുരയിടത്തിലെ തെങ്ങിന്‍റെ തലപ്പ് വൃത്തിയാക്കാനാണ് വിക്രമൻ തെങ്ങിൽ കയറിയത്.
കോട്ടയത്ത് തെങ്ങുകയറ്റക്കാരൻ തലകീഴായി തെങ്ങിൽ കുരുങ്ങി; രക്ഷിച്ച് ഫയർഫോഴ്‌സ്
തലയോലപ്പറമ്പ് വടയാർ വല്യാറത്തറയിൽ വിക്രമനാണ് തെങ്ങിന്‍റെ തലപ്പ് വൃത്തിയാക്കുന്നതിനിടെ തെങ്ങിൽ കുരുങ്ങിയത്. തെങ്ങിൽ തലകീഴായി അരമണിക്കൂറോളം കുരുങ്ങി കിടന്ന വിക്രമനെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു
അരമണിക്കൂറോളം തെങ്ങിൽ തലകീഴായി കിടന്ന വിക്രമനെ ഫയർഫോഴ്‌സ് എത്തിയാണ് വടം ഉപയോഗിച്ച് താഴെ ഇറക്കിയത്. ഇന്നലെ (25.07.2022) വൈകിട്ടായിരുന്നു സംഭവം. തെങ്ങിൽ കുരുങ്ങിയ വിക്രമൻ താഴെ വീണ് അപകടമുണ്ടാകാതിരിക്കാൻ പുരയിടത്തിന്‍റെ ഉടമയും സമീപവാസികളും തെങ്ങിന് താഴെ ഫോംബെഡ് വിരിച്ചു.
പിന്നീട്, വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗങ്ങളാണ് ഫയർഫോഴ്‌സിൽ വിവരമറിയിച്ചത്. വൈക്കം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ഓഫിസർ വി. മനോജിന്‍റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി വടം ഉപയോഗിച്ച് വിക്രമനെ താഴെ ഇറക്കുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വിക്രമനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിൽ എത്തിച്ചു.