കോട്ടയം:കഴിഞ്ഞ കുറേ ദിവസങ്ങളായി കോട്ടയത്ത് നടന്നുവരുന്ന മോഷണശ്രമങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പൊലീസ്. മോഷണശ്രമങ്ങൾക്ക് പിന്നിൽ കുറുവാ സംഘമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന തരത്തിൽ ആരെയും ഇതുവരെ കണ്ടെത്തിയില്ലെന്നാണ് പൊലീസിന്‍റെ പ്രതികരണം.
ചൊവ്വാഴ്ച വൈകുന്നേരം കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടപ്പൂരിൽ നിന്ന് കുറുവാ സംഘാംഗമാണെന്ന സംശയത്തിൽ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞു വെച്ചിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവെങ്കിലും വ്യക്തത ഉണ്ടായില്ല.
കുറുവാ സംഘത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം; അടിസ്ഥാന രഹിതമെന്ന് പൊലീസ് മേസ്തിരി പണിക്കാരനെണന്ന് ഇയാൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വാസം വരാത്തതിനാൽ ഇയാളെ പൊലീസ് വിട്ടയച്ചില്ല. തുടർന്ന് ഇയാളെ പണിക്കെത്തിച്ച കോൺട്രാക്ടറെ വിളിച്ചു വരുത്തി ഇയാൾ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വിട്ടയച്ചത്.
READ MORE: ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന സംഘം ഇറങ്ങിയോടി; കുറുവാസംഘമെന്ന് സംശയം
അതേസമയം പള്ളിക്കത്തോട്ടിൽ കുറുവാ സംഘം എത്തിയെന്ന് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം ഉണ്ടായത് ആളുകളെ ഭീതിയിലാക്കി. എന്നാൽ ഈ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പള്ളിക്കത്തോട് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴി ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർ അത് അവസാനിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച അയർക്കുന്നത്ത് നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു. ഇവർ കുറുവാ സംഘാംഗമാണെന്ന വാർത്തയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതിൽ നിന്ന് കുറുവാ സംഘത്തിൽപെട്ടവരായ ആരെയും കണ്ടെത്തിയിട്ടില്ലയെന്ന് പൊലീസ് വ്യക്തമാക്കി.
ജനങ്ങളെ ഭീതിയിലാക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.