കോട്ടയം:മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുണ്ടക്കയം സ്വദേശി ശ്രീകാന്ത് ഉത്തമൻ (38) എന്നയാളാണ് കാഞ്ഞിരപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിയൻ ബാങ്കിൽ ഗോൾഡ് അപ്രൈസർ ആയി ജോലി ചെയ്‌ത് വരികയായിരുന്നു ഇയാള്‍.
ചീട്ടുകളിക്കാന്‍ ഇടപാടുകാരുടെ പേരില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍ - കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കിലെ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിലെ 13 ഇടപാടുകാരുടെ പേരില്‍ മുക്കുപണ്ടം പണയം വച്ച് ഏകദേശം 31 ലക്ഷത്തോളം രൂപയാണ് പ്രതിയായ ശ്രീകാന്ത് തട്ടിയെടുത്തത്. ബാങ്കിന്‍റെ റീജിയണല്‍ ഓഫിസില്‍ നിന്നുള്ള സംഘം നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് ജീവനക്കാരനായ പ്രതിയെ പൊലീസ് പിടികൂടിയത്.
പിടിയിലായ ശ്രീകാന്ത് പണം വലിയ തോതിലുള്ള ചീട്ടുകളികള്‍ക്കുവേണ്ടി ചെലവാക്കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്‍റോ പി.കുര്യൻ, എസ്ഐ പ്രതീപ്, സിപിഒ അരുൺ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.