കോട്ടയം : വ്യാജ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പൊലീസ് പിടിയിലായി. ഇന്നലെ അർധരാത്രിയോടെ കോട്ടയം ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ ഇരിക്കുമ്പോഴാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ നിഖിലിനെ അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് പിടികൂടുന്നത്.
കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദമുണ്ടായിരുന്നു. നിഖിലിന്‍റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. കോട്ടയത്ത് നിന്ന് പിടികൂടിയ നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് സംഭവം വിവാദമായതിന് പിന്നാലെ, കായംകുളത്തെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവാണെന്ന് സൂചനയുണ്ട്. നിർമാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്‍റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖിൽ. നിഖിൽ തോമസിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ല കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്‌തിരുന്നു.
സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ : നിഖിൽ തോമസ് സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റിനെപ്പറ്റിയുള്ള വാർത്ത അറിഞ്ഞതെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലെ സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ.