കോട്ടയം:പാലാ ഇടപ്പാടിയില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. പ്രദേശത്തെ നിരവധി വീടുകൾക്കും കടകൾക്കും കൃഷിയിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൻ മരങ്ങൾ ഒടിഞ്ഞുവീണതിനൊപ്പം വൈദ്യുതി, ടെലിഫോൺ പോസ്റ്റുകളും നിലംപൊത്തി. കാറ്റിന്റെ ശക്തിയും കനത്ത മഴയും കാരണം വലിയ വാഹനങ്ങള്‍ക്കടക്കം യാത്രാ തടസ്സമുണ്ടായി.
പാലായില്‍ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം
കനത്ത മഴയിലും കാറ്റിലും പാലായിൽ നാശനഷ്ടമുണ്ടായവർക്ക് അടിയന്തര റിപ്പോർട്ട് തയാറാക്കി നഷ്ടപരിഹാരം നൽകാന് സ്ഥലം സന്ദര്‍ശിച്ച ശേഷം മാണി സി കാപ്പൻ എംഎല്‍എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കാറ്റ് കാരണം മറിഞ്ഞുവീണു. നൂറുകണക്കിനു റബർ മരങ്ങളും ഒടിഞ്ഞുവീണു. ഇടപ്പാടി കവലയിൽ രാജു ഇഞ്ചനോടിയിലിന്റെ വീടും ചായക്കടയും മരംവീണ് തകർന്നു. ഭാസ്കരൻ പുത്തൻപുരയുടെ കോഴിക്കൂട് തകരുകയും ഓട്ടോറിക്ഷയ്ക്കു കേടുപാട് സംഭവിക്കുകയും ചെയ്തു. ഇടപ്പാടി, അരീപ്പാറ, പാന്പൂരാംപാറ, താണോലി, പള്ളിഭാഗം എന്നിവിടങ്ങളിലാണു കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയും ഉണ്ടായത്. കാറ്റിലും മഴയിലും പാലാ ജനറൽ ആശുപത്രി പരിസരത്തെ മരം ഒടിഞ്ഞുവീണു.
വൈദ്യുതി, കേബിൾ ബന്ധങ്ങൾ തകർന്നു. പോസ്റ്റുകൾക്കും നാശമുണ്ടായി. പുത്തൻപള്ളിക്കുന്ന്, വാട്ടർ അതോറിട്ടി റോഡിൽ ഒരു മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. നാട്ടുകാർ ചേർന്ന് മരം വെട്ടി നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ജോസ് കെ മാണി ഇന്നലെ വൈകിട്ട് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത മഴയിലും കാറ്റിലും പാലായിൽ നാശനഷ്ടമുണ്ടായവർക്ക് അടിയന്തര റിപ്പോർട്ടു തയാറാക്കി നഷ്ടപരിഹാരം നൽകാന് സ്ഥലം സന്ദര്‍ശിച്ച ശേഷം മാണി സി കാപ്പൻ എംഎല്‍എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.