കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചതിന് പിന്നാലെ ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡിസംബർ 16ന് രാവിലെ എട്ടുമുതല്‍ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടിങ് യന്ത്രങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റുന്ന നടപടികള്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയോടെ പൂര്‍ത്തിയായി.
കോട്ടയത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
ഡിസംബർ 16ന് രാവിലെ എട്ടുമുതല്‍ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക
എല്ലാ കേന്ദ്രങ്ങളിലും സീല്‍ ചെയ്‌ത സ്‌ട്രോങ് റൂമുകളില്‍ പൊലീസ് കാവലിലാണ് ഇവ സൂക്ഷിക്കുന്നത്. പരമാവധി എട്ട് പോളിങ് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഒരു വാര്‍ഡിലെ എല്ലാ പോളിങ് ബൂത്തുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെയായിരിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും, ബ്ലോക്ക് പഞ്ചായത്തുകളിലെയും, ജില്ലാ പഞ്ചായത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.
ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്‌ടർ എണ്ണും. കൗണ്ടിങ് ഹാളിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ് റൂമില്‍നിന്ന് കണ്‍ട്രോള്‍ യൂണിറ്റുകൾ എത്തിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും, രണ്ട് കൗണ്ടിങ് അസിസ്റ്റന്‍റുമാരും, നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും, ഒരു കൗണ്ടിങ് അസിസ്റ്റന്‍റുമാകും ഉണ്ടാകുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ ട്രെന്‍ഡ് സോഫ്റ്റ് വെയര്‍ മുഖേന തത്സമയം ലഭ്യമാകും.