കോട്ടയം:കേരളാ കോൺഗ്രസ് (എം) ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ രണ്ടില ചിഹ്നം മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പി.ജെ ജോസഫ് ചെയർമാന്‍റെ പരിധി ഉപയോഗിച്ച് ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന ജോസ് കെ.മാണിയുടെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.
കേരളാ കോൺഗ്രസിന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
പി.ജെ ജോസഫ് ചെയർമാന്‍റെ പരിധി ഉപയോഗിച്ച് ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന ജോസ് കെ.മാണിയുടെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി
തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്ന പരാതികളിൽ ഇരുവിഭാഗത്തെയും ഹിയറിങ്ങിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് ചിഹ്നം മരവിപ്പിക്കുന്ന തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ എത്തിയത്. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അന്തിമവിധി വരുന്നതുവരെയാണ് മരവിപ്പിക്കൽ.
പാലാ ഉപതെരഞ്ഞെടുപ്പ് മുതലാണ് ചിഹ്നത്തിൽ ജോസഫ് ജോസ് കെ.മാണി വിഭാഗം തർക്കത്തിലായത്. തുടർന്ന് പാലയിൽ ചിഹ്നമില്ലാതെ മത്സരിച്ച ജോസ് പക്ഷത്തിന് പിന്നീട്, അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ചിഹ്നം നഷ്ടമായിരുന്നു. ഭരണഘടന പ്രകാരം അകലക്കുന്നത് പി.ജെ ജോസഫ് സ്ഥാനാർഥിയെ രണ്ടില ചിഹ്നത്തിൽ മത്സരത്തിനിറക്കിയതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ജോസഫിന് ചിഹ്നം അനുവദിച്ചതോടെയുമാണ് ഭരണഘടനയെ കൂട്ടുപിടിച്ച് പി.ജെ.ജോസഫ് ചിഹ്നം ദുരുപയോഗം ചെയ്യുന്നു, എന്ന പരാതിയുമായി ജോസ് പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. ഇരുപക്ഷങ്ങളും നൽകിയ പരാതികൾ പരിഗണിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ തുടർ ഹിയറിങ് ഈ മാസം ഇരുപതാം തിയതിയിലേക്ക് മാറ്റിവച്ചു.