കോട്ടയം: കുളവി കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധിക മരിച്ചു. ചാമംപകാൽ തെങ്ങനാ മണ്ണിൽ ഇന്ദിര എ ആർ (69) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കുളവിയുടെ കുത്തേറ്റത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
വിഷ പ്രാണിയുടെ കുത്തേറ്റ് പെണ്‍കുട്ടി മരിച്ചു:ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് തിരുവല്ലയിൽ വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചിരുന്നു. തിരുവല്ല പെരിങ്ങര കൊച്ചാരിമുക്കം പാണാറയില്‍ അനീഷിന്‍റെയും ശാന്തികൃഷ്‌ണയുടെയും മകള്‍ അംജിത അനീഷാണ് (13) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
മാര്‍ച്ച് ഒന്നിനാണ് കുട്ടിയെ പ്രാണി ആക്രമിച്ചത്. കൂട്ടുകാർക്കൊപ്പം വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെ ഈച്ചയോട് സാമ്യമുള്ള പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ചെവിക്ക് പിന്നിലായാണ് പ്രാണിയുടെ കുത്തേറ്റത്.
കുത്തേറ്റതിന് പിന്നാലെ കുട്ടിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ചു. തുടര്‍ന്ന് വീട്ടുകാർ അംജിതയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ച പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു. ഉടൻ തന്നെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് കുട്ടിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. മാരക വിഷമുള്ള പ്രാണിയാകാം കുട്ടിയെ കുത്തിയതെന്നാണ് ഡോക്‌ടർമാരുടെ നിഗമനം.
തേനീച്ച ആക്രമിച്ച വയോധികന്‍ മരിച്ചു:ഇക്കഴിഞ്ഞ ജനുവരിയില്‍ തേനീച്ചയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചിരുന്നു. പാലക്കാട് കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ്(75) മരിച്ചത്. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേല്‍ക്കുകയുണ്ടായി. കൊട്ടേക്കാട് കിഴക്കേ ആനപ്പാറ ശിവക്ഷേത്രത്തിന് മുന്നിൽവച്ച് കൂടിളകി വന്ന തേനീച്ചക്കൂട്ടം മൂന്നുപേരെയും അക്രമിക്കുകയായിരുന്നു.
കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവൻ(73), ഷാജു(50) എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ മൂന്ന് പേരെയും ജില്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12-1-2023 പുലർച്ചെ 2 മണിയോടെ മണി മരണത്തിന് കീഴടങ്ങി. സംഭവത്തിന് രണ്ടാഴ്‌ച മുൻപ് മരുതറോഡ് കുഴിയക്കാട് തൊഴിലുറപ്പ് പണിക്കിടെ 13 തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ രണ്ട് പന്തയക്കുതിരകള്‍ ചത്തിരുന്നു. തുംകുരു ജില്ലയിലെ കുനിഗല്‍ പട്ടണത്തിലാണ് സംഭവം. ഫാം പരിസരത്ത് മേയാന്‍ വിട്ടപ്പോഴാണ് തേനീച്ചകള്‍ കുതിരകളെ ആക്രമിച്ചത്. അമേരിക്ക, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിചെയ്‌ത കുതിരകളാണ് ചത്തത്. 10 വയസുള്ള സനൂസ് പെർ അക്‌ചം (അയര്‍ലന്‍ഡ്) 15 വയസ് പ്രായം വരുന്ന എയര്‍ സപ്പോര്‍ട്ട് (അമേരിക്ക) എന്നീ കുതിരകളാണ് തേനീച്ച ആക്രമണത്തിൽ മരിച്ചത്.
സംഭവ ദിവസം രണ്ട് കുതിരകളെയും പതിവ് പോലെ തന്നെ ഫാമിന്‍റെ വളപ്പില്‍ മേയാന്‍ വിട്ടിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് ഇരുകുതിരകള്‍ക്കും നേരെ തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. തേനീച്ചകളുടെ ആക്രമണത്തെ തുടര്‍ന്ന് കുതിരകള്‍ നിലത്തുവീഴുകയായിരുന്നു.