കേരളം

kerala

ETV Bharat / state

Mundakkayam murder| സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ അനിയന്‍ കൊല്ലപ്പെട്ടു; പ്രതിയെ തെരഞ്ഞ് പൊലീസ് - കോട്ടയം

മദ്യലഹരിയിൽ അമ്മയുമായി അജിത്ത് വഴക്കിടുന്നത് രഞ്ജിത്ത് തടയാന്‍ ശ്രമിച്ചതാണ് കൊലപാതക കാരണം

elder brother killed younger brother  arguments  mundakkayam murder  alcahol  kottayam murder  ajith renjith  സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ  അനിയന്‍ കൊല്ലപ്പെട്ടു  പ്രതിയെ തിരഞ്ഞ് പൊലീസ്  മദ്യലഹരി  കൊലപാതക കാരണം  കട തിണ്ണയില്‍ മരിച്ച നിലയില്‍ യുവാവ്  അജിത്ത്  രഞ്ജിത്ത്  വിവാഹ വീട്ടിലെ അരുംകൊല  കോട്ടയം  മുണ്ടക്കയം
mundakkayam murder | സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനിയന്‍ കൊല്ലപ്പെട്ടു; പ്രതിയെ തിരഞ്ഞ് പൊലീസ്

By

Published : Jun 30, 2023, 1:21 PM IST

കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഇളയ സഹോദരന്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം വരിക്കാനി തോട്ടക്കര വീട്ടിൽ രാജപ്പന്‍റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ അജിത്തിനായി മുണ്ടക്കയം പൊലീസ് അന്വേഷണം ഊർജിതമാക്കി.

വ്യാഴാഴ്‌ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്‌ച രാത്രിയിലും മാതാവുമായി സംഘര്‍ഷം നടന്നിരുന്നു.

ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ രഞ്ജിത്തിനെ അജിത്ത് മര്‍ദിക്കുകയായിരുന്നു. ഉടൻ തന്നെ രഞ്‌ജിത്തിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങള്‍ വ്യക്തമാകുവെന്നും കൊലപാതകത്തിനായി ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കട തിണ്ണയില്‍ മരിച്ച നിലയില്‍ യുവാവ്: അതേസമയം, കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിൽ യുവാവിനെ കട തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരുനക്കര പുളിമൂട് ജങ്ഷനില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെയായിരുന്നു കട തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം വെസ്‌റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തമിഴ്‌നാട് പെരിയകുളം വടുതപ്പെട്ടി സ്വദേശി ബദന സ്വാമി പാണ്ടിയേയാണ്(24) എംസി റോഡരികിലെ കടകളോട്‌ ചേർന്നുള്ള നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച കവറിൽ തുണികളും, കുറച്ചു പഴങ്ങളും ലഭിച്ചിരുന്നു.

ഇതുകൂടാതെ തമിഴ്‌നാട്ടിലെ ധനകാര്യസ്ഥാപനത്തിൽ നിന്നും സ്വർണം പണയം വച്ചതിൻ്റെ രേഖകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ഉള്ള ശ്രമവും കഴിഞ്ഞ ദിവസം തന്നെ പൊലീസ് ആരംഭിച്ചിരുന്നു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിവാഹ വീട്ടിലെ അരുംകൊല:അതേസമയം, നാടിനെ നടുക്കിയ ദുരന്തമായിരുന്നു വർക്കലയിൽ വിവാഹ ദിനത്തിൽ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ട സംഭവം. വടശ്ശേരിക്കോണത്ത് ബുധനാഴ്‌ച പുലർച്ചെയോടെയായിരുന്നു സംഭവം. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു (61) ആയിരുന്നു കൊല്ലപ്പെട്ടത്.

രാജുവിന്‍റെ മകൾ ശ്രീലക്ഷ്‌മിയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പെൺകുട്ടിയുടെ സുഹൃത്ത് സംഘം ചേർന്ന് എത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കോണം സ്വദേശികളായ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിൽ നടന്ന പാർട്ടി അവസാനിച്ച ശേഷം വിവാഹ ദിവസം ഒരു മണിയോടെയാണ് സംഭവത്തിന്‍റെ തുടക്കം. വടശ്ശേരിക്കോണം സ്വദേശികളായ ജിഷ്‌ണു, ജിജിൻ, ശ്യാം, മനു എന്നിവരാണ് ഒരു മണിയോടെ വധുവിന്‍റെ വീട്ടിലെത്തി കാറിൽ ഉച്ചത്തിൽ പാട്ട് വച്ച് ബഹളം ഉണ്ടാക്കിയത്. രാജു ഇത് ചോദ്യം ചെയ്‌തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് നാലംഗ സംഘത്തിലെ ഒരാൾ രാജുവിനെ മൺവെട്ടി കൊണ്ട് തലക്കടിച്ചത്. തലക്കടിയേറ്റ രാജുവിനെ കത്തികൊണ്ട് കുത്തുകയും ചെയ്‌തു.

കൊലപാതകം നടത്തിയത് അയല്‍വാസികള്‍: ബുധനാഴ്‌ച രാവിലെ ശിവഗിരിയിൽ വച്ച് ശ്രീലക്ഷ്‌മിയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണമായ കൊലപാതകം. ജിഷ്‌ണുവും ശ്രീലക്ഷ്‌മിയും നേരത്തെ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ ഇത് അവസാനിപ്പിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും സൂചനയുണ്ട്. കൊലപാതക സംഘത്തിൽ ഉൾപ്പെട്ട ജിഷ്‌ണുവും ജിജിനും സഹോദരന്മാരാണ്.

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാരാണ് തടഞ്ഞത്. ഉടൻ തന്നെ വർക്കല പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്‌റ്റഡിയിലെടുത്തിരുന്നു. ദീർഘനാളായി ഗൾഫിൽ ജോലി ചെയ്‌തിരുന്ന രാജു നാട്ടിൽ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു. കൊല്ലപ്പെട്ട രാജുവിന്‍റെ അയൽവാസികളാണ് ജിഷ്‌ണുവും ജിജിനും.

ABOUT THE AUTHOR

...view details