കോട്ടയം:അന്തർദേശീയതലത്തിൽ ഏറെ പ്രശസ്തമായ ജർമനി ആസ്ഥാനമായ യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെന്‍റർ തയാറാക്കിയ ആഗോള ശാസ്ത്രപ്രതിഭകളുടെ പട്ടികയിൽ മികച്ച നേട്ടവുമായി മഹാത്മാഗാന്ധി സർവകലാശാല. കേരളത്തിൽ നിന്ന് ഈ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 പേരിൽ 18 പേരും എംജി സർവകലാശാലയിൽ നിന്നുള്ളവരാണ്.
മികച്ച ശാസ്ത്രപ്രതിഭയായി ഡോ. സാബു തോമസ്
വൈസ് ചാൻസലർ ഡോ. സാബു തോമസാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ശാസ്ത്രപ്രതിഭ. ഇന്ത്യയിലെ ശാസ്ത്രജ്ഞരിൽ മികവിന്‍റെ അടിസ്ഥാനത്തിൽ 19-ാം സ്ഥാനവും, ഏഷ്യൻ ശാസ്ത്രജ്ഞരിൽ 35-ാം സ്ഥാനവുമാണ് ഡോ. സാബു തോമസിനുള്ളത്. ആഗോളാടിസ്ഥാനത്തിൽ 2611-ാം സ്ഥാനവും അദ്ദേഹം നേടിയിട്ടുണ്ട്.
സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പോളിമർ സയൻസ് ആന്‍റ് എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ അദ്ദേഹം സർവകലാശാലയിലെ ഇന്‍റർനാഷണൽ ആന്‍റ് ഇന്‍റർയൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആന്‍റ് നാനോ ടെക്‌നോളജി സ്ഥാപക ഡയറക്‌ടർ കൂടിയാണ്.
Also Read:'യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിര്‍ത്തിവെക്കണം'; സര്‍ക്കാരിന്‍റേത് ധിക്കാര നിലപാടെന്ന് കെ സുധാകരന്‍
അമേരിക്കൻ ഫുൾബ്രൈറ്റ് ഫെല്ലോ ആയ ഡോ. സാബു തോമസ്, ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. ഫ്രാൻസിലെ ലൊറെയ്ൻ സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസർ കൂടിയാണ് അദ്ദേഹം. ആയിരത്തിലധികം പ്രസിദ്ധീകരണങ്ങളും അൻപതിനായിരത്തോളം സൈറ്റേഷനുകളും അദ്ദേഹത്തിന്‍റേതായുണ്ട്.