കോട്ടയം: കോട്ടയത്ത് സർക്കാർ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആകാശ പരിശോധനയും. സൂരജ് ലൈവ് മീഡിയയുമായി ചേർന്നാണ് കോട്ടയത്തെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ ഡ്രോൺ മുഖേനയുള്ള പരിശോധന നടത്തുന്നത്.
കോട്ടയം എസ്‌പി ഡി ശിൽപയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഡ്രോൺ പരിശോധന ആരംഭിച്ചത്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍റെ നേതൃത്വത്തിൽ ഓൾഡ് പ്രസ് ക്ലബ് റോഡിലെ കൺട്രോൾ റൂമിന് സമീപം ആരംഭിച്ച പരിശോധനയ്ക്ക് കോട്ടയം ഡിവൈഎസ്‌പി ബി അനിൽകുമാർ നേതൃത്വം നൽകി. കൺട്രോൾ റൂമിൽ നിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെയുള്ള ആകാശ ദൃശ്യങ്ങൾ ഡ്രോൺ പകർത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള സെക്ടറല്‍ ഓഫിസറേയോ പൊലീസ് ഉദ്യോഗസ്ഥരെയോ ബന്ധപ്പെട്ട് നിയമലംഘനം അറിയിക്കാനും നടപടി എടുക്കാനും കഴിയുമെന്നതാണ് ആകാശ പരിശോധനയുടെ പ്രയോജനം. പരിശോധന ഇനിയും തുടരുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.