കോട്ടയം:കോട്ടയം നഗരത്തിലെ നടപ്പാതകൾ അപകടക്കെണിയാകുന്നു. നഗരത്തിന്‍റെ പല ഭാഗത്തും മൂടിയില്ലാത്ത ഓടകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ അപകടത്തിൽ പെടുന്നതും പതിവാകുന്നുണ്ട്. കോട്ടയം സെന്‍ട്രല്‍ ജങ്ഷനിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം പബ്ളിക് ലൈബ്രറിയുടെ റീഡിങ് റൂമിന് സമീപമാണ് സ്ലാബ് ഇല്ലാത്ത ഓട കാൽനടയാത്രക്കാർക്ക് അപകടകരമാകുംവിധം വാ പിളര്‍ത്തി നില്‍ക്കുന്നത്.
'വാ പിളര്‍ത്തി' ഓടകള്‍; യാത്രക്കാര്‍ക്ക് അപകടക്കെണിയായി കോട്ടയം നഗരത്തിലെ നടപ്പാതയിലുള്ള സ്ലാബ് ഇല്ലാത്തതും തകര്‍ന്നതുമായ ഓടകള്‍ - സ്ലാബ്
കോട്ടയം നഗരത്തിലെ നടപ്പാതകളില്‍ സ്ലാബ് ഇല്ലാത്തതും തകര്‍ന്നതുമായ ഓടകള്‍ അപകടക്കെണിയാകുന്നു, കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവം
കാൽനടയാത്രക്കാരായ സ്‌ത്രീകളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. തൊട്ടടുത്ത് തന്നെ നടപ്പാതയ്ക്ക് കുറുകെയുള്ള വാട്ടർ കണക്ഷൻ പൈപ്പ് ലൈനിൽ തട്ടിയും ആളുകൾ വീഴുന്നത് പതിവാണ്. ഇത് പരിഹരിക്കാന്‍ പൊങ്ങി നിൽക്കുന്ന പൈപ്പ് ലൈൻ താഴ്ത്താനായി ഇതിന് മുകളിലായി സിമന്‍റ് കട്ട കയറ്റി വച്ചതിനെ തുടര്‍ന്ന് കാലുതെന്നി കഴിഞ്ഞ ദിവസം കാൽനട യാത്രക്കാരി മെയിൻ റോഡിലേക്ക് വീണ് പരിക്കേറ്റിരുന്നു. എന്നാല്‍ ആ സമയം റോഡിൽ വാഹനങ്ങൾ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.
സ്‌കൂൾ കോളജ് വിദ്യാർഥികളടക്കം നിരവധിപേര്‍ സഞ്ചരിക്കുന്ന നഗരത്തിലെ തിരക്കുള്ള ഭാഗം കൂടിയാണിത്. നടപ്പാതയിലെ പൊളിച്ചു നീക്കിയ ബാരിക്കേഡ് സ്ഥാപിച്ചിരുന്ന സിമന്‍റ് കുറ്റിയും കാൽനട യാത്രക്കാർക്ക് ഏറെ ഭീഷണിയാകുന്നുണ്ട്. കണ്‍മുന്നില്‍ ഓടകൾ അപകടാവസ്ഥ വിതയ്‌ക്കുമ്പോഴും ബന്ധപ്പെട്ടവർ കണ്ടതായി ഭാവിക്കുന്നില്ല. മാത്രമല്ല കോട്ടയം സ്‌റ്റാര്‍ ജങ്ഷന് സമീപത്തെ ഓടയും തുറന്നുകിടക്കുന്നതിനാല്‍ ഇവിടെയും കാൽനട യാത്രക്കാർ അപകടത്തിൽപെടുന്നുണ്ട്.