കോട്ടയം: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർ പിടിയിൽ. കോട്ടയം വൈക്കം ഗവൺമെന്‍റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആര്‍ ആണ് പിടിയിലായത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വൈക്കം തലായാഴം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് പിടികൂടി
കോട്ടയം വൈക്കം ഗവൺമെന്‍റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആര്‍ ആണ് പിടിയിലായത്
അപ്പൻഡിക്സിന്‍റെ ഓപ്പറേഷൻ നടത്തുന്നതിന് 5000 രൂപയാണ് ഡോക്ടർ ഇവരോട് ആവശ്യപ്പെട്ടത്. ഇതിൽ 2500 രൂപ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി കൈമാറി. ഓപ്പറേഷന് ശേഷവും വയറു വേദന കുറയാതെ വന്നപ്പോൾ രണ്ടാമതൊരു ഓപ്പറേഷൻ കൂടി നടത്തണമെന്ന് ഡോക്ടർ പറയുകയും 2500 രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് രോഗിയുടെ ബന്ധു വിജിലൻസ് ഡിവൈഎസ്‌പി വി.ജി രവീന്ദ്രനാഥിന് പരാതി നൽകി. തുടർന്ന് വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സൂപ്രണ്ട് വി. ജി വിനോദ്‌കുമാറിന്‍റെ നിർദേശ പ്രകാരം വിജിലൻസ് ഡിവൈഎസ്‌പി വി ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ, സജു എസ്. ദാസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെഎസ്ആർടിസി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിൽ വച്ച് ഡോ. ശ്രീരാഗ് എസ്.ആർ കൈപ്പറ്റുന്നതിനിടെയാണ് അറസ്റ്റ്. കൈക്കൂലി തുക ഉൾപ്പെടെ 15,540 രൂപ വിജിലൻസ് സംഘം ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.