കോട്ടയം : കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻ ചാണ്ടി (Oommen Chandy) എന്ന ജനനായകൻ വിടവാങ്ങി. തുടർച്ചയായി 53 വർഷം കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ്മൻചാണ്ടി എംഎല്‍എയും മന്ത്രിയും മുഖ്യമന്ത്രിയുമായി കേരളത്തിന്‍റെ വിവിധ മേഖലകളുടെ വികസനത്തില്‍ വഹിച്ച പങ്ക് വലുതാണ്.
1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലായിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്‌കാരങ്ങളായിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്.
കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്‌മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളായിരുന്നു. 2006 ജനുവരിയിൽ സ്വിറ്റ്സർലാന്‍റിലെ ദാവോസിൽ നടന്ന 35-ാമത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ സംബന്ധിക്കുന്നത്.
2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹാര മാർഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗം ഉണ്ടാക്കുവാൻ അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി.