കോട്ടയം:ദേശീയ പതാക വിൽപനയ്‌ക്കായി തപാൽവകുപ്പ് തയാറെടുക്കുന്നു. ഇതിനോടകം സംസ്ഥാനത്തെ എല്ലാ പോസ്റ്റ് ഓഫിസുകളിലുമായി രണ്ട് ലക്ഷം പതാകകൾ എത്തി. ആകെ എട്ട് ലക്ഷം പതാക വിൽപനയാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് അധികൃതർ പറയുന്നു.
ഗംഗാജലവും സ്റ്റാമ്പുകളും വിൽപനയ്‌ക്ക് എത്തിച്ച് വിജയിച്ച അതേ വഴി സ്വീകരിച്ചാണ് പോസ്റ്റ് ഓഫിസ് വഴി ദേശീയ പതാക നേരിട്ടും ഓൺലൈനായും വിൽക്കുന്നത്. 20x30 ഇഞ്ച് ദേശീയ പതാകയാണ് വിൽപനയ്‌ക്ക് എത്തുന്നത്. 25 രൂപയാണ് വില. ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്.
ഇ-പോസ്റ്റ് ഓഫിസിലെ നാഷണൽ ഫ്ലാഗ് എന്ന വിൻഡോ വഴിയാണ് ഓൺലൈൻ ബുക്കിങ്. ഒരാൾക്ക് അഞ്ച് പതാക വരെ ഒരു തവണ വാങ്ങാം. സ്വന്തം മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടുത്തി വേണം ബുക്ക് ചെയ്യാൻ. ശേഷം ഏറ്റവും അടുത്ത പോസ്റ്റ് ഓഫിസ് വഴി പതാക വീട്ടിലെത്തും.
വനിത സ്വയംസഹായ സംഘങ്ങൾ, ഖാദി ഉത്‌പന്നങ്ങൾ വിൽക്കുന്ന കമ്പനി, കേന്ദ്ര സർക്കാർ അംഗീകൃത ചെറുകിട സംരംഭങ്ങൾ എന്നിവ നിർമിക്കുന്ന പതാകയാണ് പോസ്റ്റ് ഓഫിസ് വഴി വിൽക്കുന്നത്. ഓഗസ്റ്റ് 15-നകം സംസ്ഥാനത്തുടനീളം 50 ലക്ഷം പതാക നിർമിച്ച് വിതരണം ചെയ്യാനാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനോടകം 20 ലക്ഷം പതാകയ്‌ക്കുള്ള ഓർഡറുകള്‍ ലഭിച്ചു കഴിഞ്ഞു.