കോട്ടയം : ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം. ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ മന്ത്രിമാര്‍ എന്തും വിളിച്ച് പറയുന്നു. ഇത്തരത്തില്‍ ആക്ഷേപം നടത്താന്‍ മന്ത്രിമാര്‍ അടക്കമുള്ള ഇടത് നേതാക്കളും മുഖ്യമന്ത്രി അടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും പത്രം പറയുന്നു (Deepika Editorial Against Saji Cherian).
ഇത്തരം നടപടികള്‍ നേതാക്കളുടെ സ്ഥാനത്തിന്‍റെ മഹിമയ്‌ക്ക് ചേര്‍ന്നതല്ല. മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രിയും ഇടത് എംഎല്‍എയുമായ കെടി ജലീലും ക്രൈസ്‌തവ സഭയ്‌ക്കും ബിഷപ്പുമാര്‍ക്കും എതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് ഭൂഷണമായിരിക്കാമെന്നും ദീപികയില്‍ വിമര്‍ശനമുണ്ട്. ക്രൈസ്‌തവര്‍ എന്ത് രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെ പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല (Minister Saji Cherian).
മന്ത്രി സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ച് രോമാഞ്ചം കൊള്ളുന്നവരോട്... കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്‌തവര്‍. അതില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയാണെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് - ദീപിക ഓര്‍മപ്പെടുത്തുന്നു.
നിലവില്‍ ക്രൈസ്‌തവര്‍ക്കെതിരെ നടക്കുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോയെന്ന് സംശയിക്കുന്നു. നവകേരള സദസില്‍ പങ്കെടുത്തപ്പോള്‍ സജി ചെറിയാന് രോമാഞ്ചം ഉണ്ടായി (Bishop Controversy Of Saji Cheriyan).
അണികളുടെ കൈയ്യടി നേടാന്‍ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാനെന്നും ദീപിക വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്‌മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്ന മന്ത്രിയുടെ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് (Minister Saji Cherian).
മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്ന് പോയെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ബിഷപ്പുമാര്‍ക്കെതിരെയുള്ള ഈ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ദീപിക ദിനപത്രത്തിലും മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായത്. സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ അടക്കം നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്.
വിമര്‍ശനവുമായി വി. മുരളീധരന്‍ :ബിഷപ്പുമാരെ അവഹേളിച്ചത് കേരളത്തെ അധിക്ഷേപിച്ചതിന് തുല്യമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പിണറായി വിജയനെ പുകഴ്‌ത്തിയപ്പോള്‍ വിഎന്‍ വാസവന് പുതിയ വകുപ്പ് ലഭിച്ചു. ഇത് മനസില്‍ കണ്ടാണ് സജി ചെറിയാന്‍ ബിഷപ്പുമാരെ അധിക്ഷേപിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനത്തിലൂടെ ക്രിസ്‌ത്യന്‍ സമൂഹത്തോടുള്ള നിലപാട് വ്യക്തമാണെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി.
പ്രതികരിച്ച് മോന്‍സ് ജോസഫ് എംഎല്‍എ : ബിഷപ്പുമാരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്‌താവന നടത്തിയ മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. അദ്ദേഹത്തിന്‍റെ പദപ്രയോഗം മന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്‌താവനയാണ് മന്ത്രിയില്‍ നിന്നുണ്ടായതെന്നും എംഎല്‍എ പറഞ്ഞു.