കോട്ടയം : എംജി സര്‍വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഗവേഷണം പൂർത്തിയാക്കാൻ അനുകൂലമായ സാഹചര്യം സർവകലാശാല ഒരുക്കുന്നില്ലെന്ന പരാതിയുമായാണ് ദീപ വീണ്ടും സമരത്തിനൊരുങ്ങുന്നത്.
2011-12 ൽ എം ജി സർവകലാശാലയിൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയ ദീപ പി.മോഹൻ താൻ കഴിഞ്ഞ 10 വർഷമായി സ്ഥാപനവൽകൃത ബ്രാഹ്മണിസത്തിന്‍റെ ഇരയാണെന്ന് പരാതിപ്പെടുന്നു. നിലവിലെ സിൻഡിക്കേറ്റ് അംഗം നന്ദകുമാർ കളരിക്കലും സർവകലാശാല വൈസ് ചാൻസലർ സാബു തോമസും ദ്രോഹനടപടികളാണ് സ്വീകരിച്ചതെന്ന് ദീപ പറയുന്നു.
2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയെങ്കിലും വളരെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ദീപയ്ക്ക് എംഫിൽ പഠനം പൂർത്തീകരിക്കാനായത്. മറ്റ് വിദ്യാർഥികൾക്ക് പ്രമുഖ ക്യാംപസുകളിൽ 6 മാസം പ്രോജക്‌ട് ചെയ്യാനുള്ള അവസരം അനുവദിച്ചുനൽകിയപ്പോൾ ദീപക്ക് സ്വന്തം സ്ഥാപനത്തിൽ പോലും അതിനുള്ള സൗകര്യം ലഭിച്ചില്ലെന്നാണ് ദീപയുടെ ആരോപണം.
എംഫിൽ പ്രോജക്‌ട് വേണ്ടവിധം നോക്കിക്കൊടുക്കാതെയും, ഫെല്ലോഷിപ്പ് തടഞ്ഞുവച്ചും, എക്സ്റ്റേണൽ എക്‌സാമിനറുടെ മുന്നിൽവച്ച് അവഹേളിച്ചും ഡോ.നന്ദകുമാർ കളരിക്കൽ വേട്ടയാടി. കൂട്ടു പ്രതി സാബു തോമസ് ഇന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമാണ്.
അവിടെയും അവസാനിച്ചില്ല. പ്രതികാര നടപടികളുടെ ഭാഗമായി ടിസി തടഞ്ഞുവച്ചും എംഫിൽ സർട്ടിഫിക്കറ്റുകൾ വിട്ടുനൽകാതെയും പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചെന്നും ഗേറ്റ് പരീക്ഷ വിജയിച്ചതുകൊണ്ട് മാത്രമാണ് പിഎച്ച്ഡി പ്രവേശനം നേടാനായതെന്നും ദീപ പറയുന്നു.
വർക്ക് മെറ്റീരിയൽ നൽകാതെയും (നൽകരുതെന്ന് നന്ദകുമാർ കളരിക്കൽ ലാബ് ഇൻചാർജ് ഡോ.രാജിയോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം), ഇരിപ്പിടം നിഷേധിച്ചും, ലാബിൽ പൂട്ടിയിട്ടും, ലാബിൽ നിന്ന് ഇറക്കിവിട്ടും നന്ദകുമാർ കളരിക്കൽ ദ്രോഹം തുടര്‍ന്നു.
എന്നാൽ ദീപ സർവകലാശാലയ്ക്ക് നൽകിയ പരാതിയിന്മേൽ 2 അംഗ സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ നന്ദകുമാർ കളരിക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും എസ്‌സി എസ്‌ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കാൻ സർവകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് നടപടി ഉണ്ടാകത്തതിനെ തുടർന്ന് ഗവേഷക ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. ഗവേഷണം പൂർത്തിയാക്കാൻ വേണ്ട എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാക്കണമെന്ന് കോടതി വിസിക്ക് നിർദേശം നൽകി.
പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ഈ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂർത്തീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും ഗവേഷകയ്ക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിട്ടുള്ളതുമാണ്.