കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിലെ എംജി സർവകലാശാലയുടെ വിമർശനങ്ങൾക്ക് എതിരെ എംജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും മുന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ്. ഉപസമിതി തെളിവുകള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് കോളജിന് വീഴ്‌ച പറ്റിയതായി വിധിച്ചതെന്ന് സിറിയക് തോമസ് പറഞ്ഞു. പ്രധാന തെളിവായ ഹാള്‍ ടിക്കറ്റ് പരിശോധിക്കാതെയുള്ള വിധി നീതി നിഷേധമാണെന്നും സിറിയക് തോമസ് കൂട്ടിച്ചേര്‍ത്തു.
ഉപസമിതിയുടെ റിപ്പേര്‍ട്ടില്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതും കുട്ടിയെ 32 മിനിറ്റ് പരീക്ഷാ ഹാളില്‍ ഇരുത്തിയതുമാണ് വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതില്‍ സർവകലാശാലയുടെ അനുമതി വേണമോയെന്ന കാര്യം തന്‍റെ അറിവിലില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാകാം കോളജ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയത്. കോളജിലെ സൗകര്യങ്ങള്‍ സർവകലാശാലയ്ക്ക് വിട്ട് നല്‍കുകയാണ് ചെയ്തത്. കാഞ്ഞിരപ്പള്ളിയില്‍ മറ്റ് കോളജുകള്‍ ഉണ്ടായിട്ടും സർവകലാശാല ചേര്‍പ്പുങ്കലിലേക്കാണ് കുട്ടിക്ക് സെന്‍റർ അനുവദിച്ച് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോപ്പിയടി ആരോപണം സാധൂകരിക്കുന്ന പ്രധാന തെളിവുകളായ ഹാള്‍ ടിക്കറ്റും, സാക്ഷി മൊഴികളും പരിശോധിക്കാതെയാണ് സമിതി നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇത് നീതിനിഷേധമാണെന്നും സിറിയക് തോമസ് പറഞ്ഞു.