ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് മുമ്പിൽ സിപിഎം ധർണ - ഈരാറ്റുപേട്ട നഗരസഭ
നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയൊന്നാരോപിച്ചാണ് ധർണ നടത്തിയത്. ഭരണ സമിതിയുടെ ഒത്താശയോടെ നടന്ന ക്രമക്കേടുകള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി
കോട്ടയം: സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് മുമ്പിൽ ധർണ. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയൊന്നാരോപിച്ചാണ് ധർണ നടത്തിയത്. ഭരണ സമിതിയുടെ ഒത്താശയോടെ നടന്ന ക്രമക്കേടുകള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. നഗരസഭയുടെ വിവിധ വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയില്‍ ഭരണ സമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ നടത്തിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ഇടത് മുന്നണിയും സിപിഎമ്മും നല്‍കിയ പല അപേക്ഷകളും പട്ടികയ്ക്ക് പുറത്തായപ്പോള്‍ യു.ഡി.എഫ് അനുഭാവികളായ ആളുകളെ തിരഞ്ഞ് പിടിച്ച് പട്ടികയില്‍ ഉൾപ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്‌ത സിപിഎം ഏരിയാ കമ്മിറ്റിയംഗം എം.എച്ച് ഷെനീര്‍ പറഞ്ഞു. ഓഫീസ് സമയത്തിന് ശേഷവും ചില ഉദ്യോഗസ്ഥര്‍ ഇത്തരം ക്രമക്കേടുകള്‍ക്ക് വേണ്ടി ഓഫീസില്‍ തങ്ങാറുണ്ടെന്നും ആരോപണമുണ്ട്. ലോക്കല്‍ കമ്മിറ്റിയംഗം സി.കെ സലിം ധര്‍ണയിൽ അധ്യക്ഷത വഹിച്ചു.