നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഐ കോട്ടയം ജില്ലാ നേതൃത്വം കോട്ടയം: നെല്ല് സംഭരണത്തിൽ ശക്തമായ സര്‍ക്കാര്‍ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സിപിഐ നേതൃത്വം. സർക്കാർ മില്ലുകൾ തുടങ്ങി കൊണ്ട് സ്വകാര്യമില്ലുകളെ നെല്ല് സംഭരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സിപിഐ കോട്ടയം ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിന് പുതിയ പദ്ധതി വേണം.
നെൽകർഷകരുടെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാണെങ്കിലും നെല്ല് സംഭരണത്തിന്‍റെ കാര്യത്തിൽ മാറ്റം ഉണ്ടാവണം. ഈ മേഖലയിൽ സ്വകാര്യ മില്ലുകളുടെ കുത്തക അവസാനിപ്പിക്കണം. സർക്കാർ പുതിയ മില്ലുകൾ തുടങ്ങണം. നെല്ല് സംഭരണത്തിന് മറ്റു പുതിയ മാർഗ്ഗങ്ങളും കണ്ടെത്തണം.
കാലങ്ങളായി നെല്ല് സംഭരണത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. സ്വകാര്യ മില്ലുകളും ഇടനിലക്കാരും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ മൂലം കർഷകന് സമയത്ത് പണം ലഭിക്കുന്നില്ല. സ്വകാര്യ മില്ലുകളുടെ ചൂഷണത്തിന് കർഷകർ ഇരയാകുന്നു.
ഇതുമൂലം വലിയ സാമ്പത്തിക നഷ്‌ടം കർഷകനുണ്ടാകുന്നു. ഇടനിലക്കാരും സ്വകാര്യ മില്ലുകാരും ചേർന്ന് വൻ ലാഭമുണ്ടാക്കുന്നു. സ്വകാര്യ മില്ലുകളുടെ പിടിവാശി അംഗീകരിക്കുവാൻ സർക്കാറിനും ബുദ്ധിമുട്ടുള്ളതു കൊണ്ട് നെല്ല് സംഭരണം നീണ്ടു പോകുന്നു.
അതിനാൽ നെല്ല് സംഭരണം പൂർണമായും സർക്കാർ ഏറ്റെടുക്കണം. പുതിയ മില്ലുകൾ തുടങ്ങുകയാണ് ഒരു വഴി. പുതിയ മാർഗങ്ങൾ കണ്ടെത്തി നെല്ല് സംഭരണത്തിൽ കാലങ്ങളായി തുടരുന്ന പ്രശ്‌നം പരിഹരിക്കണമെന്നും വി ബി ബിനു ആവശ്യപ്പെട്ടു.