കോട്ടയം:പാലായിൽ മുന്നണി മര്യാദ പാലിച്ചാണ് നഗരസഭ ചെയർമാനെ തെരഞ്ഞെടുത്തതെന്ന് സിപിഐ ദേശീയ എകസിക്യൂട്ടീവ് അംഗം പ്രകാശ് ബാബു. പാലായിൽ മുന്നണി ധാരണ പാലിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമില്ലെന്നും പ്രാദേശികമായ ധാരണകളിൽ പ്രശ്‌നമുണ്ടെങ്കിലും അത് അവിടെ തന്നെ പരിഹരിക്കും. നിയമസഭ തെരഞ്ഞെടുപ്പ് മുതൽ തീരുമാനിച്ച ധാരണകൾ പാലിച്ചാണ് ഘടകകക്ഷികൾ മുന്നോട്ട് പോകുന്നതെന്നും അതിൽ മാറ്റമുണ്ടായിട്ടില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായില്‍ സിപിഐയ്ക്ക് പരാതിയില്ല, മുന്നണിയിലും തർക്കങ്ങളില്ലെന്ന് പ്രകാശ് ബാബു - latest news in kerala
പാലായില്‍ മുന്നണി ധാരണ പാലിക്കപ്പെട്ടില്ലെന്ന അഭിപ്രായം സിപിഐക്ക് ഇല്ല. മുന്നണി ധാരണകള്‍ പാലിച്ചാണ് ഘടകകക്ഷികള്‍ മുന്നോട്ട് പോകുന്നതെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു.
പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ഇടപെട്ടിട്ടില്ലായെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ധാരണകൾ നടപ്പാക്കിയില്ല എന്ന അഭിപ്രായം സിപിഐക്ക് ഇല്ലെന്നും മറിച്ച് കേരള കോൺഗ്രസ് ഇടപെട്ടുവെന്ന് പറഞ്ഞത് കൗണ്‍സിലറാണ്. അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും അതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
ആവശ്യമുള്ളപ്പോൾ പരസ്യ പ്രതികരണം നടത്തുന്നതിൽ സിപിഐയിൽ വിലക്കില്ല. നിലവിൽ അത്തരം സാഹചര്യമില്ല. ത്രിതല പഞ്ചായത്തുകളിലെ സ്ഥാനമാറ്റം സംബന്ധിച്ച് ധാരണകൾ പാലിക്കാൻ കേരള കോൺഗ്രസ് തയാറാകുന്നില്ലെന്നായിരുന്നു സിപിഐ ജില്ല സെക്രട്ടറിയുടെ ആരോപണം. ഈ നിലപാടാണ് പാല നഗരസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി മയപ്പെടുത്തിയത്.