തയ്യാറെടുപ്പുകള്‍ പൂര്‍ണം; കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാളെ - കലക്‌ടര്‍ എം.അഞ്ജന
നാളെ രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളില്‍ കുത്തിവയ്പ്പ് ഒഴികെയുള്ള വാക്‌സിനേഷന്‍റെ എല്ലാ നടപടിക്രമങ്ങളും ആവിഷ്‌കരിക്കുന്നത്.
കോട്ടയം: ജില്ലയില്‍ കൊവിഡ് വാക്‌സിനേഷനു മുന്‍പുള്ള ഡ്രൈ റണ്ണിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്‌ടര്‍ എം.അഞ്ജന അറിയിച്ചു. നാളെ രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളില്‍ കുത്തിവയ്പ്പ് ഒഴികെയുള്ള വാക്‌സിനേഷന്‍റെ എല്ലാ നടപടിക്രമങ്ങളും ആവിഷ്‌കരിക്കുന്നത്.
വാക്‌സിന്‍ വിതരണത്തിന് ഉപയോഗിക്കുന്ന കൊവിന്‍ (കൊവിഡ് വാക്‌സിന്‍ ഇന്‍റലിജന്‍സ് നെറ്റ്‌വര്‍ക്ക്) സോഫ്റ്റ് വെയര്‍ എത്രമാത്രം ഫലപ്രദമാണെന്ന വിലയിരുത്തലും ഡ്രൈ റണ്ണിലൂടെ ലക്ഷ്യമിടുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍, വാക്‌സിനേഷന് എത്തേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ അറിയിക്കല്‍, മരുന്ന് നല്‍കുന്നതിനു മുന്‍പ് വ്യക്തി വിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ്പ് നടത്തിയതിനു ശേഷം ദേശീയ തലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കല്‍ തുടങ്ങി എല്ലാ നടപടികളും കോവിന്‍ സോഫ്റ്റ്‌വെയര്‍ മുഖേനയാണ് നിര്‍വഹിക്കുന്നത്.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡ്രൈ റണ്‍ ജില്ലാ കലക്‌ടർ നേരിട്ട് വിലയിരുത്തും. ഓരോ കേന്ദ്രത്തിലും ആരോഗ്യമേഖലയില്‍ നിന്നുള്ള 25 പേര്‍ വീതം ആകെ 75 പേരാണ് സ്വീകര്‍ത്താക്കളായി എത്തുക. ഇതില്‍ 13 ഡോക്‌ടര്‍മാരും 22 നഴ്‌സുമാരും 19 ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍മാരും 21 മറ്റു ജീവനക്കാരും ഉള്‍പ്പെടുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ മൂന്നു കേന്ദ്രങ്ങളിലും മേല്‍നോട്ടത്തിനുണ്ടാകും. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂം സംവിധാനത്തിന്‍റെ കാര്യക്ഷമതാ പരിശോധനയും ഡ്രൈ റണ്ണിന്‍റെ ഭാഗമായി നടക്കും. നടപടികള്‍ പൂര്‍ണമായും വീഡിയോ ഡോക്യുമെന്‍റ് ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12ന് ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഡ്രൈ റണ്‍ അവലോകനം ചെയ്യും.