കേരളം

kerala

ETV Bharat / state

കോട്ടയത്ത് കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു - കോട്ടയം ജില്ലയില്‍ കൊവിഡ്

പാലാ ജനറല്‍ ആശുപത്രിയെ കൊവിഡ് ആശുപത്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ കോട്ടയത്തെ കൊവിഡ് ആശുപത്രികള്‍ മൂന്നായി

Covid treatment facilities to be expanded in Kottayam  Covid treatment facilities  കോട്ടയം ജില്ലയില്‍ കൊവിഡ്  കോട്ടയം ജില്ലയില്‍ കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു
കൊവിഡ്

By

Published : Jun 20, 2020, 9:13 PM IST

കോട്ടയം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ രോഗ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. ആദ്യ ഘട്ടമെന്നോണം പാലാ ജനറല്‍ ആശുപത്രിയെ കൊവിഡ് ആശുപത്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയിലെ മറ്റ് ചികിത്സാ സംവിധാനങ്ങളെ ബാധിക്കാത്ത രീതിയില്‍ പ്രത്യേക ബ്ലോക്കിലാണ് കൊവിഡ് ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ജില്ലയിലെ കൊവിഡ് ആശുപത്രികള്‍. പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് കൊവിഡ് വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേരെ ഇവിടെ പ്രവേശിപ്പിച്ചു. ഏഴു നിലകളുള്ള കെട്ടിടത്തിലെ അഞ്ചും ആറും നിലകളിലാണ് നൂറു കിടക്കകളുള്ള കൊവിഡ് വാര്‍ഡുകള്‍ ഒരുക്കിയിട്ടുള്ളത്. ഈ വാര്‍ഡുകളിലേക്ക് ആവശ്യമുള്ള ഡോക്ടര്‍മാരെയും നഴ്സുമാരെയും നഴ്സിങ്ങ് അസിസ്റ്റന്‍റുമാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. വാര്‍ഡിനോടു ചേര്‍ന്ന് പ്രത്യേക ഐസിയുവും ഉടന്‍ സജ്ജമാകും.

ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഇതേ കെട്ടിടത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചതിന് ശേഷവും രോഗലക്ഷണങ്ങള്‍ ഇല്ലാതെ തുടരുന്നവരുടെ ചികിത്സയ്ക്കുള്ള പ്രത്യേക കേന്ദ്രങ്ങളും (കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍) സജ്ജമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ എം. അഞ്ജന പറഞ്ഞു. മുട്ടമ്പലത്തെ ഗവണ്‍മെന്‍റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റുക.

സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളും ഇതിനായി പരിഗണിക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിലവില്‍ പേ വാര്‍ഡ് ബ്ലോക്കിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നത്. ഒന്നാം വാര്‍ഡും ആവശ്യമെങ്കില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് സജ്ജമാണ്. മെഡിക്കല്‍ കോളജിലെ സംവിധാനങ്ങള്‍ ആരോഗ്യ സ്ഥിതി ഗുരുതരമാകാനിടയുള്ള രോഗികളുടെ ചികിത്സയ്ക്കായാണ് പ്രധാനമായും ലഭ്യമാക്കുക. ജില്ലയില്‍ പരിശോധനയ്ക്കായി ശേഖരിക്കുന്ന സാമ്പിളുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി 200 സാമ്പിളുകളാണ് ശേഖരിക്കുന്നത്.

ABOUT THE AUTHOR

...view details