കോട്ടയം: കൊവിഡ് 19 രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരുമായ 155 പേരോട് പൊതുജന സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ജില്ലയില്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1051 ആണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് 19 രോഗ ബാധിതരായ കോട്ടയം സ്വദേശികളുമായി നേരിട്ട് ബന്ധപ്പെട്ട 11 പേരും, പ്രൈമറി കോണ്‍ടാക്‌ടുകളുമായി ഇടപഴകിയ 51 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ പൊതുജന സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് - Health Department
ജില്ലയില്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1051 ആണ്.
ഇതിനിടെ രോഗലക്ഷണങ്ങളോടെ രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിയില്‍ നിന്നുമെത്തിയ ഇടുക്കി സ്വദേശിയായ യുവതിയും ഉംറ കഴിഞ്ഞെത്തിയ ഒരാളേയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി.
കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്‌ടുകളായി 112 പേരും സെക്കന്‍ഡറി കോണ്‍ടാക്‌ടുകളായി 427 പേരുമാണ് ജില്ലയില്‍ ഇതുവരെ ഉള്ളത്. 68 സാമ്പിളുകള്‍ അയച്ചതില്‍ 36 എണ്ണം നെഗറ്റീവാണെന്ന് കണ്ടെത്തി. ഇനി 27 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച നാല് പേരുടേയും നില തൃപ്‌തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.