കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ പുതിയ മെത്രാപ്പോലീത്തമാരുടെ വാഴിക്കൽ ചടങ്ങ് ജൂലൈ 28ന് കുന്നംകുളം പഴഞ്ഞി സെൻമേരിസ് കത്തീഡ്രൽ വച്ച് നടക്കുമെന്ന് കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ മാത്യുസ് ദിദിയൻ കോട്ടയം ദേവലോകം അരമനയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ തെരഞ്ഞെടുത്ത 7 റമ്പാന്മാരെയാണ് പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ വാഴിക്കുന്നത്. വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമെ അർമേനിയൻ , റഷ്യൻ, ഓർത്തഡോക്‌സ് സഭകളുടെയും പ്രതിനിധികൾ വാഴിക്കൽ ശുശ്രൂഷകളിൽ പങ്കെടുക്കും.
വാഴിക്കൽ ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നും ബാവ പറഞ്ഞു. ശുശ്രൂഷകൾക്ക് ശേഷം ചേരുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. നഗരം ചുറ്റിയുള്ള ഘോഷയാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
മലങ്കര സഭയുടെ പാരമ്പര്യത്തിന് വിധേയമായി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇവർക്ക് പുതിയ പേരുകൾ നൽകും . കഴിഞ്ഞ ഫെബ്രുവരിയിൽ കോലഞ്ചേരിയിൽ നടന്ന മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്ത എബ്രഹാം തോമസ് റമ്പാൻ, പി.സി തോമസ് റമ്പാൻ, ഡോക്ടർ ഗീവർഗീസ് ജോഷ്വാ റമ്പാൻ, അഡ്വക്കറ്റ് കൊച്ചു പറമ്പിൽ ഗീവർഗീസ് റമ്പാൻ, ഡോക്‌ടര്‍ കെ.ഗീവർഗീസ് റമ്പാൻ, ചിറത്തലാട്ട് ഒരു സക്കറിയ റമ്പാൻ എന്നിവരാണ് മെത്രാപ്പോലീത്തമാരായി വാഴിക്കപ്പെടുന്നത്. ഇതോടെ സഭയിലെ മേൽപ്പട്ടക്കാരുടെ എണ്ണം 31 ആകും.
അടുത്ത അഞ്ചുവർഷത്തേക്കുള്ള സഭയുടെ വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി ഉള്ള മലങ്കര അസോസിയേഷൻ ഓഗസ്റ്റ് നാലിന് പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ചേരുമെന്നും പരിശുദ്ധ ബാവ അറിയിച്ചു. വൈദിക ട്രസ്റ്റി ഫാദർ ഡോക്‌ടര്‍ എം. ഒ ജോൺ , അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ, സഭാ വക്താവ് ഡോക്‌ടര്‍ ജോൺസ് ഏബ്രഹാം കോനാട്ട് തുടങ്ങിയവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.