കോട്ടയം :സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങളുടെ അമിതവിലക്കയറ്റം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പഠനച്ചെലവ് ലഘൂകരിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍.
സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനമൊട്ടാകെ 300 സഹകരണ സംഘങ്ങളിലും 100 കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളിലും സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റ് സജ്ജമാക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ സ്കൂൾ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്സ്, വാട്ടർബോട്ടിൽ, റെയിൻ കോട്ട് എന്നിവയും നോട്ട് ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയ അനുബന്ധ പഠന സാമഗ്രികളും മിതമായ വിലയ്ക്ക് സ്റ്റോറുകളിൽ നിന്ന് വാങ്ങാനാകും.