കോട്ടയം: കോട്ടയം ജില്ല പഞ്ചായത്തിലെ സീറ്റു വിഭജനത്തിൽ കോൺഗ്രസും കേരളാ കോൺഗ്രസും ധാരണയിലെത്തി. ആകെ ഇരുപത്തിരണ്ട് സീറ്റുള്ള ജില്ലാ പഞ്ചായത്തിൽ ഒൻപതു സീറ്റുകളിൽ കേരളാ കോൺഗ്രസ് മത്സരിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്.
കോട്ടയം ജില്ല പഞ്ചായത്തിൽ കോൺഗ്രസ്-കേരള കോൺഗ്രസ് ധാരണ - തെരഞ്ഞെടുപ്പ്
ഒൻപതു സീറ്റുകളിൽ കേരളാ കോൺഗ്രസ് മത്സരിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്.
ജോസ് പക്ഷം മുന്നണി വിട്ട സാഹചര്യത്തിൽ കേരളാ കോൺഗ്രസിൻ്റെ കൈവശമുണ്ടായിരുന്ന സീറ്റുകൾ യു.ഡി.എഫ് ഏറ്റെടുക്കാനിരിക്കെയാണ് കേരളാ കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളും ജില്ലാ പഞ്ചായത്തിൽ തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി പി.ജെ ജോസഫ് എത്തിയത്. ഇതിനിടെ ജില്ലാ പഞ്ചായത്ത് സീറ്റിൽ മുസ്ലീം ലീഗും അവകാശവാദവുമായി എത്തിയതോടെ കോൺഗ്രസ് കൂടുതൽ സമ്മർദ്ദത്തിലായി. കേരളാ കോൺഗ്രസ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിലും ജോസഫ് നിലപാടിൽ ഉറച്ചു നിന്നെങ്കിലും അവസാനഘട്ട ചർച്ചകളിൽ പി.ജെ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറകുകയായിരുന്നു. പൂഞ്ഞാർ, കടുത്തുരുത്തി ഡിവിഷനുകൾ കോൺഗ്രസിന് വിട്ടുനൽകിയാണ് പുതിയ വിഭജനം.
പതിനെട്ട് സീറ്റുകളിൽ ഇരുകൂട്ടരും ധാരണയിലെത്തുമ്പോൾ ബാക്കിയുള്ള സീറ്റുകളിൽ മറ്റ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് കോൺഗ്രസ് നീക്കം. ജില്ലാ പഞ്ചായത്തിൽ സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മുസ്ലീം ലീഗിന് ഒരു സീറ്റ് നൽകി മറ്റ് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തേക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇടഞ്ഞു നിൽക്കുന്ന മുസ്ലീം ലീഗുമായി ഉഭയകക്ഷി ചർച്ച നടത്തി പന്ത്രണ്ടാം തീയതിക്ക് മുൻപായി ധാരണയിലെത്താനാണ് കോൺഗ്രസ് നീക്കം