കോട്ടയം:പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അഫീൽ ജോൺസന് നാടിന്‍റെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായി പാലായിലേക്ക് കൊണ്ടു പോയി. രാവിലെ പത്തരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്.
അഫീൽ ജോൺസന് നാടിന്‍റെ അന്ത്യാഞ്ജലി
ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു
ജില്ലാ കലക്ടർ പി.കെ സുധീർ ബാബു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൻ ജനാവലിയാണ് അഫീലിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മോർച്ചറിക്ക് മുന്നിലെത്തിയത്. വിലാപയാത്രയായി പാലായിലെത്തിച്ച മൃതദേഹം സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്കൂളിൽ പൊതുദർശനത്തിന് വച്ചു.
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്‍റിയറായിരുന്ന അഫീലിന് ഈ മാസം നാലിനാണ് ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
ജാവലിൻ ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സംഘാടകരായ നാല് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. വൈകിട്ടോടെ അഫീലിന് ജന്മനാടും യാത്രാമൊഴി നൽകും