കോട്ടയം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അയ്മനം മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും കായിക പ്രേമികളും രംഗത്തെത്തിയത്. അഞ്ചേകാല്‍ കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണത്തിലെ പോരായ്മ പുറത്തുവന്നിരുന്നു.
ഇപ്പോള്‍ കൂടുതല്‍ തകരാറുകള്‍ വെളിച്ചത്ത് വരുന്നതായും ആരോപണമുണ്ട്. 15,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കുന്നതായിരുന്നു പദ്ധതി. സ്റ്റേഡിയം യാഥാര്‍ഥ്യമാകുമ്പോള്‍ നാടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നതിനൊപ്പം പ്രളയ ഭീഷണിയുള്ള അയ്മനത്ത് പുനരധിവാസ ക്യാമ്പായും ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.
പദ്ധതി കെങ്കേമം, പക്ഷേ: കായികരംഗം മെച്ചപ്പെടുത്താനായി 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതര്‍ അയ്മനം ചാമത്തറയില്‍ വാങ്ങിയ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. മുന്‍ എംഎല്‍എയായിരുന്ന സുരേഷ് കുറുപ്പിന്റെ ഇടപെടലില്‍ സംസ്ഥാന ബജറ്റില്‍ അനുവദിച്ച 25 മിനി സ്റ്റേഡിയങ്ങളില്‍ ഒന്നായിരുന്നു ഈ സ്റ്റേഡിയം. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ഒരു വോളിബോള്‍ കോര്‍ട്ട്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ചെയ്ഞ്ച് റൂമുകള്‍, ഓഫിസ് റൂം, ശൗചാലയങ്ങള്‍, ലോക്കര്‍ സൗകര്യം, ഇലക്ട്രിക്കല്‍ റൂം, ജല-വൈദ്യുതി വിതരണ സൗകര്യങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ജിംനേഷ്യം എന്നിവയോടെ അയ്മനം പഞ്ചായത്തിന്റെ വികസനത്തിന് മുതല്കൂട്ടാവുന്ന പദ്ധതിയായിട്ടാണ് സ്റ്റേഡിയം ആവിഷ്കരിച്ചത്.