കോട്ടയം :കോൺക്രീറ്റ് മിക്‌സർ വാഹനം വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് അപകടം. ഐമാൻ കവലയിൽ നിന്നും പനച്ചിക്കാട് ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ തുണ്ടിയിൽ ടി.എസ് ഏബ്രഹാം എന്ന കുഞ്ഞുമോന്‍റെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്.
ഇന്ന് രാവിലെ (ഒക്‌ടോബർ 09) 10 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. അതേസമയം വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കോൺക്രീറ്റ് മിക്‌സർ വാഹനം വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് അപകടം വാട്ടർ അതോറിറ്റിയുടെ, പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൽ മിഷൻ പൈപ്പ് ലൈൻ പണികൾ ഏറ്റെടുത്തിരിക്കുന്ന സൂര്യ ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഈ പഞ്ചായത്തിലെ പണികൾക്ക് വേണ്ടി കമ്പനി പുതിയതായി വാങ്ങിയ മിക്‌സർ മെഷീനാണ് അപകടത്തിൽപ്പെട്ടത്.
വീട്ടുടമയായ കുഞ്ഞുമോനും ഭാര്യയും പള്ളിയിൽ പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ, വൈസ് പ്രസിഡന്‍റ് റോയി മാത്യു , വാർഡ് മെമ്പർ പ്രസീത സി രാജു എന്നിവർ സ്ഥലം സന്ദർശിച്ചു.