മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ കോട്ടയം:ശബരിമല രാഷ്‌ട്രീയ കാര്യമായി എടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല രാജ്യത്തെ പ്രമുഖ തീർഥാടന കേന്ദ്രമാണ്. തിരക്ക് കൂടി എന്നല്ലാതെ അനിയിന്ത്രിതമായി അവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഗവർണർ ചില കേന്ദ്രങ്ങളുടെ സമ്മർദങ്ങൾക്ക് വിധേയനാകുന്നു എന്നും കോട്ടയത്ത് നവകേരള സദസിന്‍റെ ഭാഗമായി വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ തിരക്ക് ഒഴിവാക്കാനായി നടപടികൾ എടുത്തിട്ടുണ്ട്. ശബരിമലയിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അനിയന്ത്രിതമായി ഒന്നുമില്ല.
ശബരിമല തിരക്കിനെ ഒരു അവസരമായി കാണുന്നവരുണ്ട്. ശബരിമലയെ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല. കോൺഗ്രസ് എംപിമാർ ഡൽഹിയിൽ പോയി പ്രതിഷേധിക്കുന്നു. കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നു. അതിന്‍റെ ആവശ്യമില്ല. കേരളത്തെ അപകീർത്തിപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി:ഗവർണർ ചില കേന്ദ്രങ്ങളുടെ സമ്മർദങ്ങൾക്ക് വിധേയനാകുവെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. നവകേരള സദസ് ധൂർത്തല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദൂർത്ത് നടത്തുന്നത് ആരാണെന്ന് ഗവർണർ സ്വയം പരിശോധിക്കണമെന്നും പറഞ്ഞു.
ഗവർണർ ശരിയായ നിലയിലാണോ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരിശോധിക്കണം. ഭരണഘടന തലവൻ എന്ന നിലയിൽ അല്ല ഗവർണർ പ്രവർത്തിക്കുന്നത്. മറ്റ് കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.