കോട്ടയം: ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ കാത്തുനിൽക്കാതെ ഇവ മുൻകൂട്ടി കണ്ട് പിഎസ്‌സി റിക്രൂട്ട്‌മെന്‍റ് നടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മുട്ടമ്പലത്ത് 3.12 കോടി ചെലവിൽ നിർമിച്ച കേരള പിഎസ്‌സി ജില്ല ഓഫിസ് കെട്ടിടം ഇന്ന് (ഒക്‌ടോബര്‍ 21) നാടിനു സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുക, അതിനുമുകളിൽ റിക്രൂട്ട്‌മെന്‍റ് നടപടി ആരംഭിക്കുക എന്നതാണ് നിലവിലെ രീതി. പഴയകാലത്ത് അത് ആവശ്യമായിരുന്നെങ്കിലും ഇന്നത് തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കാലം മാറുമ്പോൾ വേഗത വേണം':സർക്കാർ സർവിസിൽ കയറുന്നവർ നിശ്ചിത തീയതിയിൽ വിരമിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിവരങ്ങൾ സോഫ്റ്റ്‌വെയറിലൂടെ ശേഖരിക്കാനാകും. ഈ മാസം അല്ലെങ്കിൽ വർഷം എത്ര പേർ വിരമിക്കുമെന്ന് കൃത്യമായ കണക്കുണ്ട്. ഒഴിവുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യണമെന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലമായി. മുൻകൂട്ടി ഒഴിവുകൾ കണക്കാക്കി പിഎസ്‌സിക്ക് യോഗ്യരായവരെ റിക്രൂട്ട് ചെയ്‌തുവയ്ക്കാം. കാലതാമസം ഒഴിവാക്കാം. കാലം മാറുമ്പോൾ വേഗത കൂട്ടണമല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പരീക്ഷാസംവിധാനം നടപ്പാക്കും. ഇതിനായി സർക്കാരും പിഎസ്‌സിയും തമ്മിൽ കൃത്യമായ ധാരണയോടെ കാര്യങ്ങൾ നീക്കുന്നുണ്ട്. പുതിയ കാലത്തിനനുസരിച്ച് പിഎസ്‌സി നടപടികൾ വേഗത്തിലാക്കും. പുതിയവയിലേക്ക് മാറാൻ മടിവേണ്ട. ആളുകൾക്ക് ഉപകാരപ്രദമായ നടപടികളിലേക്കാണ് കടക്കേണ്ടത്. സാമൂഹിക നീതി ഉറപ്പാക്കി റിക്രൂട്ട്‌മെന്‍റ് നടത്തി സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ രാജ്യത്തെ എല്ലാ സർവിസ് കമ്മിഷനുകൾക്കും മാതൃകയാണ് കേരള പിഎസ്‌സി. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ രണ്ടു ലക്ഷം നിയമനങ്ങൾ നടന്നു. പ്രളയം, കൊവിഡ് ദുരന്തകാലങ്ങളിലടക്കം യുപിഎസ്‌സിയേക്കാൾ നന്നായി പ്രവർത്തിക്കാൻ പിഎസ്‌സിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.