കോട്ടയം :വസ്ത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കൈത്താങ്ങാവുകയാണ് കോട്ടയം തലയോലപ്പറമ്പിലെ സോജനും ഭാര്യ മേരിയും. വിവാഹ വസ്ത്രമുൾപ്പടെ പുതിയതുണ്ട്, ഉപയോഗിച്ചതുമുണ്ട്. ആറുമാസമായി ഒരുപാടുപേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് പുല്ലാപ്പള്ളിൽ സോജൻ ജോസും ഭാര്യ മേരി സോജനും.
ഇവരുടെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ട്രെയിനിംഗ് സ്ഥാപനത്തിൽ സർക്കാർ സഹകരണത്തോടെ ആരംഭിച്ച വനിതകളുടെ തയ്യൽ പരിശീലന കോഴ്‌സിലേക്ക് പഴയ വസ്ത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് ക്ലോത്ത് ബാങ്ക് എന്ന ആശയം ഉദിച്ചത്. കോഴ്‌സ് കഴിഞ്ഞിട്ടും സ്ഥാപനത്തിലേക്ക് വസ്ത്രങ്ങൾ എത്തിക്കൊണ്ടിരുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ചതും വിലകൂടിയതുമായ വസ്‌ത്രങ്ങൾ കണ്ടപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെടട്ടേയെന്ന് കരുതി.
സ്ഥാപനത്തോട് ചേർന്ന് 500 സ്ക്വയർ ഫീറ്റിൽ പ്രത്യേക യൂണിറ്റ് തുടങ്ങി. ആളുകൾ തങ്ങൾക്ക് പാകമാകാത്തവ ഇവിടെ കൊണ്ടുവന്ന് ഏൽപ്പിച്ചിട്ട് പോകും. തലയോലപ്പറമ്പിലെ ഒരു ക്ഷേത്രത്തിലെ പൂജാരി വീടുകളിൽ പൂജയ്ക്ക് പോകുമ്പോൾ ദക്ഷിണയായി ലഭിച്ച നൂറോളം മുണ്ടുകൾ കഴിഞ്ഞ ദിവസം ഇവിടെ ഏൽപ്പിച്ചിരുന്നു. നല്ലതെന്ന് ഉറപ്പുള്ളവ മാത്രമേ സ്വീകരിക്കൂ. ഒട്ടും ഉപയോഗിക്കാത്തത് എ പ്ലസ് എന്നും ഒന്നോ രണ്ടോ തവണ ഉപയോഗിച്ചത് എ എന്നും ഉപയോഗിച്ചതെങ്കിലും പുത്തൻപോലുള്ളത് ബി പ്ലസ് എന്നും തരംതിരിക്കും.