കേരളം

kerala

ETV Bharat / state

ബജറ്റിനെതിരായ പ്രതിഷേധം : കോട്ടയത്ത് ബിജെപി നടത്തിയ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം - ധനമന്ത്രി കെ എന്‍ വേണുഗോപാല്‍

കലക്‌ടറേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി

BJP Kottayam Collectorate march on Budget  clash in BJP Kottayam Collectorate march  BJP Kottayam  Collectorate march on Budget  BJP  ബജറ്റ് പിന്‍വലിക്കണം  ബജറ്റ്  ബിജെപി നടത്തിയ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം  ബിജെപി  ജലപീരങ്കി  സംസ്ഥാന ബജറ്റ്  സംസ്ഥാന ബജറ്റ് 2023  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ്  എ എൻ രാധാകൃഷ്‌ണൻ  യൂത്ത് കോണ്‍ഗ്രസ്  ധനമന്ത്രി കെ എന്‍ വേണുഗോപാല്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Feb 9, 2023, 4:32 PM IST

ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം : സംസ്ഥാന ബജറ്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കലക്‌ടറേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ച് മിനിറ്റിലധികം നേരം ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ പിന്മാറിയത്.

തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിന്‍റെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ജില്ല പ്രസിഡന്‍റ് അഡ്വ. ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. രാമൻ നായർ തുടങ്ങി വനിതകളുമടക്കം നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ബജറ്റില്‍ ജനദ്രോഹ നടപടികള്‍ ആരോപിച്ച് ബിജെപി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസും സമര മുഖത്ത് : അതേസമയം ബജറ്റിലെ നികുതി വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. നിയമസഭയ്‌ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തി. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ സെഷനില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു.

എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനവുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് സ്‌പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കാന്‍ നിര്‍ബന്ധിതനായി. നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയുമായിരുന്നു.

പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് : ബജറ്റിലെ നികുതി വര്‍ധനയില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ സമരത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയും പുച്ഛിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നികുതിയും പിന്‍വലിക്കണമെന്ന് അഭിപ്രായമില്ലെന്നും ഇന്ധന സെസ് പിന്‍വലിക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

തെരുവില്‍ സമരം ചെയ്യാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് : ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ തെരുവില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സാധാരണക്കാരായ ജനങ്ങളെ വകവയ്‌ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു എന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആരോപണം. ഏകാധിപത്യ രീതിയിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നും ഇതിനെതിരെ തെരുവില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി വര്‍ധനവിനെ ന്യായീകരിച്ച് ധനമന്ത്രി :അതേസമയം പെട്രോളിനും ഡീസലിനും ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ വേണുഗോപാല്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ബജറ്റ് ചര്‍ച്ചയില്‍ മറുപടി പറയവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 500 രൂപയ്‌ക്ക് മുകളില്‍ ഉള്ള മദ്യത്തിന് 20 രൂപയും 1,000 രൂപയ്‌ക്ക് മുകളിലുള്ളവയ്‌ക്ക് 40 രൂപയും സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

പെന്‍ഷന്‍ നല്‍കുന്നതിനായി വര്‍ഷം 11,000 കോടി രൂപ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും സെസ് ഇനത്തില്‍ ലഭിക്കുന്ന 10 ശതമാനം സാമൂഹിക സുരക്ഷ സീഡ് ഫണ്ടായി മാറ്റി വയ്‌ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ നിര്‍ത്തിവയ്‌ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് നികുതി വര്‍ധനയെ ധനമന്ത്രി ന്യായീകരിച്ചത്. മന്ത്രി ബാലഗോപാലിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ധനമന്ത്രിയുടെ മറുപടി പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭവിട്ട് ഇറങ്ങിപ്പോയിരുന്നു.

ABOUT THE AUTHOR

...view details