കോട്ടയം: പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇന്‍സ്‌പെക്ടറായി ശ്രദ്ധേയമായ ആനി ശിവയെ പ്രൊബേഷന്‍ കാലത്ത് സി.കെ ആശ എം.എല്‍.എ ഓഫീസീല്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ബി.ജെ.പി നേതാവ് രേണു സുരേഷ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് സമൂഹ മാധ്യമത്തില്‍ പോസ്റ്റുചെയ്തിരുന്നു. തുടര്‍ന്നാണ് വിവാദമുയര്‍ന്നത്.
'പ്രചാരണം തെറ്റ്, സംഭവം അങ്ങനെയല്ല'
രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എം.എല്‍.എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തിതില്ല. ഇക്കാരണത്താല്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചെന്നാണ് ഫെയ്‌സ്ബുക് കുറിപ്പ്. എന്നാല്‍, പ്രചാരണം തെറ്റാണെന്ന് സി.കെ ആശയും സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് എസ്.ഐ ആനി ശിവയും പറഞ്ഞു.
‘നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ഒരു രാത്രിയാണ് സംഭവം. എന്‍.സി.സി യൂണിഫോമില്‍ ഒരാള്‍ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാര്‍ നിര്‍ത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്‍.സി.സി കുട്ടികള്‍ക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോള്‍ എസ്.ഐ ആണെന്നു പറഞ്ഞു. പൊലീസുകാര്‍ക്ക് പ്രത്യേക സമയമുണ്ടോയെന്നും അവര്‍ എന്നോടു തിരികെ ചോദിച്ചു.