കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. സിസേറിയനു ശേഷം, വയറിനുള്ളിൽ ഉണ്ടായ പഴുപ്പ് നീക്കാന്‍ രണ്ടാമതും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ പത്തനംതിട്ട സ്വദേശി കവിതയാണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി.
കോട്ടയത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍ - ktym
ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍
പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തിച്ച കോന്നി പ്രമാടം സ്വദേശിനിയായ കവിതയെ ഈ മാസം 12നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 13ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും വേണ്ട പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തില്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മാർട്ടം നടത്തണമെന്നാവശ്യപ്പെട്ട് കവിതയുടെ ബന്ധുക്കള്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.