വീടും വൈദ്യുതിയുമില്ല: പഠിക്കാൻ വഴിയില്ലാതെ അഖിലയും സുമിതയും
കോട്ടയം ജില്ലയിലെ രാമപുരം ഏഴാച്ചേരി വരകപള്ളില്‍ പാണ്ടിപറ സുമ-മോഹനന്‍ ദമ്പതികളുടെ മകളും ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമായ സുമിതാ മോഹന്‍, മോഹനന്‍റെ സഹോദരി സുമിതയുടെ മക്കളായ പ്ലസ്ടു വിദ്യാർഥിനി അഖില, മൂന്നാം ക്ലാസ് വിദ്യാർഥി അതുല്‍ എന്നിവരാണ് പഠിക്കാൻ മാർഗമില്ലാതെ വിഷമത്തിലായത്.
കോട്ടയം:സാമ്പത്തിക പ്രാരാബ്ദങ്ങളില്‍ ജീവിതം തള്ളി നീക്കുമ്പോൾ അടച്ചുറപ്പുള്ള വീടിനെ കുറിച്ചും വൈദ്യുതിയെ കുറിച്ചും അഖിലയും സുമിതയും ചിന്തിച്ചിട്ടില്ല. പഠിച്ച് മുന്നേറണമെന്ന് മാത്രമാണ് ഇരുവരും ചിന്തിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും പഠനം ഓൺലൈനാകുകയും ചെയ്തതോടെ ഇരുവരും പ്രതിസന്ധിയിലായി. കോട്ടയം ജില്ലയിലെ രാമപുരം ഏഴാച്ചേരി വരകപള്ളില്‍ പാണ്ടിപറ സുമ-മോഹനന്‍ ദമ്പതികളുടെ മകളും ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമായ സുമിതാ മോഹന്‍, മോഹനന്‍റെ സഹോദരി സുമിതയുടെ മക്കളായ പ്ലസ്ടു വിദ്യാർഥിനി അഖില, മൂന്നാം ക്ലാസ് വിദ്യാർഥി അതുല്‍ എന്നിവരാണ് പഠിക്കാൻ മാർഗമില്ലാതെ വിഷമത്തിലായത്. ഏഴാച്ചേരി തോട് പുറമ്പോക്കില്‍ പച്ചമണ്ണ് തേച്ച വൈദ്യുതിയില്ലാത്ത ഒറ്റ മുറി വീട്ടിലാണ് ഇവർ താമസിക്കുന്നത്. ബന്ധുക്കളുടെ വീടുകളാണ് ഇവർക്ക് പഠനത്തിന് ഇപ്പോൾ ആശ്രയം. ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം പട്ടിണിയാണ്. പട്ടികവർഗ കുടുംബം ആണെങ്കിലും പൊതുവിഭാഗത്തിലെ റേഷൻ കാർഡ് ആയതിനാല്‍ സർക്കാർ സഹായങ്ങളും ലഭിക്കില്ല. അടച്ചുറപ്പുള്ള വീട്ടില്‍ വൈദ്യുതി ലഭിച്ച് പഠനം നടത്താമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.