കോട്ടയം:സംസ്ഥാനത്തിന്‍റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും തുടര്‍ വികസന ചര്‍ച്ചയ്ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സംസ്ഥാന പര്യടനം കോട്ടയത്തെത്തി. നാട്ടകം മണിപ്പുഴയിലെ പാം ഗ്രൂപ്പ് ഓഡിറ്റോറിയത്തില്‍ വിവിധ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തി.
തുടര്‍ വികസന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി കോട്ടയത്ത് - കേരള മുഖ്യമന്ത്രി വാർത്തകൾ
വിവിധ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തി
സാങ്കേതിക വിദഗ്ദ്ധര്‍, പ്രൊഫഷണലുകള്‍, വിവിധ വ്യാപാര സംഘടനാ പ്രതിനിധകള്‍, ചെറുകിട വ്യവസായ മേഖലയിലെ പ്രതിനിധികള്‍, ടൂറിസം-ഹൗസ് ബോട്ട് മേഖലകളുടെ പ്രതിനിധികള്‍, സഹകാരികള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വിദഗ്ധര്‍, സാംസ്‌കാരിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ബസ് ഉടമാ പ്രതിനിധികള്‍ തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ സര്‍ക്കാരിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് കൂടിയാണ് മുഖ്യമന്ത്രിയുടെ പര്യടനം. മുന്‍ എംഎല്‍എയും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ വൈക്കം വിശ്വന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി, തോമസ് ചാഴികാടന്‍ എംപി, അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ, സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെജെ തോമസ്, സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ തുടങ്ങിയവരും പങ്കെടുത്തു.