കോട്ടയം: ചങ്ങനാശ്ശേരി സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയാൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ഡിസിസി അംഗവുമായ ബേബിച്ചൻ മുക്കാടൻ അറിയിച്ചു. കെ സി ജോസഫും, ജോസഫ് വാഴക്കനും അടക്കുള്ളവർ ചങ്ങനാശേരിയിൽ മത്സരിക്കാൻ തയാറെടുക്കുമ്പോൾ നേതൃത്വത്തെ സമ്മർദത്തിലാക്കി സീറ്റ് കൈക്കലാക്കൻ ജോസഫ് ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥിയാകാൻ തീരുമാനിച്ചതെന്ന് ബേബിച്ചൻ മുക്കാടൻ കോട്ടയത്ത് പറഞ്ഞു.
ചങ്ങനാശ്ശേരി ജോസഫ് വിഭാഗത്തിന് നൽകിയാൽ വിമതനായി മത്സരിക്കുമെന്ന് ഡിസിസി അംഗം
നേതൃത്വത്തെ സമ്മർദത്തിലാക്കി ചങ്ങനാശ്ശേരി സീറ്റ് കൈക്കലാക്കൻ ജോസഫ് ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഡിസിസി അംഗം ബേബിച്ചൻ മുക്കാടൻ.
ചങ്ങനാശേരിയിൽ ഒരു പഞ്ചായത്തിൽ പോലും ജോസഫിന് പ്രാതിനിധ്യമില്ല. ചങ്ങനശേരി സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയാൽ പരാജയമാകും ഉണ്ടാകുകയെന്നും മുക്കാടൻ പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മത്സര രംഗത്ത് നിന്ന് മാറി യുവാക്കൾക്ക് അവസരം നൽകണമെന്നും സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പോഷക സംഘടനകളെ അവഗണിക്കുകയാണെന്നും മുക്കാടൻ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിമതർ കൂടുമെന്നും മുക്കാടൻ പറഞ്ഞു.
കെപിസിസിയുടെ നേതൃത്വം കെ സുധാകരൻ ഏറ്റെടുക്കണമെന്നും മുല്ലപ്പള്ളിയുടെ നേതൃത്വo യുഡിഎഫിന് പരാജയം ഉണ്ടാക്കുമെന്നും മുക്കാടൻ പറഞ്ഞു. ഇക്കാര്യങ്ങൾ കത്തിലൂടെ എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ബേബിച്ചൻ മുക്കാടൻ കോട്ടയത്ത് പറഞ്ഞു.