കോട്ടയം: രോഗികളുടെ എണ്ണം വർധിച്ചതോടെ ചങ്ങനാശേരി മാർക്കറ്റ് കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 45 പേർക്കാണ് ചങ്ങനാശ്ശേരി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂലൈ പതിനെട്ടാം തീയതിയാണ് സമ്പർക്ക ഉറവിടം വ്യക്തമല്ലാത്ത രണ്ട് കൊവിഡ് കേസുകൾ ആരോഗ്യവകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിലൂടെ കണ്ടെത്തിയത്. തുടർന്ന് മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളിലായി 19ാം തീയതി 4 പേർക്കും, തിങ്കളാഴ്‌ച 22 പേർക്കും, ചൊവ്വാഴ്‌ച 16 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ചങ്ങനാശേരി മാർക്കറ്റ് മേഖലയെ കൊവിഡ് ക്ലസ്റ്ററായി പരിഗണിച്ച് കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിൽ പൊതുവായും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചങ്ങനാശേരി മാർക്കറ്റ് കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു
കഴിഞ്ഞ നാല് ദിവസങ്ങളിലായി 45 പേർക്കാണ് ചങ്ങനാശ്ശേരി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം ചേരുന്നതിനും നിരോധനമേർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെ മാത്രമെ പ്രവർത്തിക്കാൻ അനുമതിയുള്ളു. രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ഹോട്ടലുകളിൽ പാഴ്‌സൽ സർവീസുകൾ മാത്രം അനുവദിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും ആരോഗ്യവകുപ്പിന്‍റെ സെന്‍റിനൽ സർവൈലൻസ് ശക്തമാക്കാനും ബോധവൽക്കരണം ഊർജിതമാക്കാനും നിർദേശമുണ്ട്. മത്സ്യ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലുമായി ആകെ 532 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്. മേഖലയിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് ആരോഗ്യ വകുപ്പ് സൂചന നൽകുന്നു.