കോട്ടയം:ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും, ജില്ലയിലെ വിവിധ കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും നിര്‍മ്മിച്ച ഓക്‌സിജന്‍പ്ലാന്‍റുകളുടെ ഉദ്‌ഘാടനം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ സ്വന്തം ഇടങ്ങളായി കണക്കാക്കിയാണ് ആരോഗ്യമേഖലയുടെ വികസനത്തിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഉദ്ഘാടന വേദിയില്‍ മന്ത്രി അഭിപ്രായപ്പെട്ടു.
ചികിത്സ സംവിധാനം സമയബന്ധിതമായി ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി - തലനാട് കുടുംബാരോഗ്യ കേന്ദ്രം ഓക്‌സിജന്‍ പ്ലാന്‍റ്
ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെയും കോട്ടയം ജില്ലയിലെയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പൂര്‍ത്തികരിച്ച ഓക്‌സിജന്‍ പ്ലാന്‍റുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
രോഗികള്‍ക്ക് സൗഹൃദം തോന്നും വിധമുള്ള അന്തരീക്ഷമാണ് ആശുപത്രികളില്‍ ഉള്ളത്. ജനങ്ങള്‍ക്കാവശ്യമായ ചികിത്സ സംവിധാനങ്ങല്‍ മുഴുവന്‍ ആശുപത്രികളിലും സമയബന്ധിതമായി ക്രമീകരിക്കുന്നതിനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ഉള്‍പ്പടെ സജ്ജീകരിച്ചാണ് ആരോഗ്യ സംരക്ഷണ ദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ചങ്ങനാശേരി ജനറല്‍ ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ തലനാട് കുടുംബാരോഗ്യ കേന്ദ്രം, കുളത്തുപ്രയാര്‍, പാഴൂത്തടം, മുണ്ടക്കയം മെയിന്‍ സെന്‍റര്‍, പരുത്തുംപാറ, പയ്യപ്പാടി, തോട്ടയ്‌ക്കാട് മെയിന്‍ സെന്‍റര്‍, ചിങ്ങവനം, കുണ്ടൂര്‍, കല്ലമ്പാറ, ഏലക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഓക്‌സിജന്‍ പ്ലാന്‍റുകളുടെ ഉദ്ഘാടനമാണ് നടന്നത്. എംഎല്‍എ അഡ്വ.ജോബ് മൈക്കിള്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ് എന്നിവരും പങ്കെടുത്തു.