കോട്ടയം: അധികമാരും പരീക്ഷിക്കാത്ത സെറാമിക് പോട്ടറി വർക്കിൽ ലാഭം കൊയ്‌ത് കോട്ടയം സ്വദേശിനി സാഞ്‌ജന. മനോഹരമായ സെറാമിക് അലങ്കാര വസ്‌തുക്കളും വിവിധ തരത്തിലുള്ള പാത്രങ്ങളുമാണ് സാഞ്‌ജനയുടെ കരവിരുതിൽ ഒരുങ്ങുന്നത്.
സെറാമിക് പോട്ടറിയിൽ കയ്യൊപ്പ് പതിപ്പിച്ച് സാഞ്ജന; ഒരുങ്ങുന്നത് മനോഹര അലങ്കാര വസ്‌തുക്കൾ ചെറുപ്പം മുതൽ കളിമൺ പാത്ര നിർമാണത്തോടുണ്ടായിരുന്ന താത്‌പര്യം ഒരു തൊഴിൽ മേഖലയാക്കി മാറ്റി വരുമാനം കണ്ടെത്തുകയാണ് സാഞ്‌ജന. ആർട്ട് വർക്കുകളുള്ള അലങ്കാര വസ്‌തുക്കൾ, വ്യത്യസ്‌ത രൂപത്തിലും വലിപ്പത്തിലുമുള്ള ടേബിൾ ടോപ്പ് വെസ്സൽസ് എന്നിവ കൈ കൊണ്ടാണ് സാഞ്‌ജന നിർമിക്കുന്നത്. ആവശ്യക്കാരുടെ താത്‌പര്യം അനുസരിച്ചാണ് നിർമാണം.
ഡിഗ്രിക്ക് ശേഷം തുടർ പഠനത്തിന് പോകാതെ ചെറുപ്പം മുതൽ താത്‌പര്യമുള്ള കളിമൺ ആർട്ട് വർക്ക് സാഞ്‌ജന തിരഞ്ഞെടുക്കുകയായിരുന്നു. സെറാമിക് പോർട്ട് വർക്കുമായി ബന്ധപ്പെട്ട കോഴ്‌സ് ബെംഗളൂരുവിൽ നിന്ന് പഠിച്ച ശേഷം സ്വന്തമായി മൺ ബൈ റായേൽ എന്ന ഷോപ്പ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുമാണ് ഓരോന്നിനും ആവശ്യമായ കളിമണ്ണ് കൊണ്ടു വരുന്നത്.
ഓൺലൈൻ വഴിയും എക്‌സിബിഷൻ വഴിയുമാണ് ഓർഡറുകൾ കണ്ടെത്തുന്നത്. നിർമാണവും വിൽപനയും കൂടാതെ, സെറാമിക് പോട്ടറി പഠിപ്പിച്ചു കൊടുക്കുന്നുമുണ്ട് സാഞ്‌ജന. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ സാഞ്‌ജനയുടെ ക്ലാസിലുണ്ട്. കോട്ടയം മാങ്ങാനം കിഴക്കേക്കര വീട്ടിൽ ലാൽ ജേക്കബ് - ഷീജ ലാൽ ദമ്പതികളുടെ മകളാണ് സാഞ്‌ജന.