കേരളം

kerala

ETV Bharat / state

വൈദ്യുതി വിതരണത്തിൽ ഗുണകരമാകുന്ന കണ്ടുപിടുത്തം; കേന്ദ്ര സർക്കാർ പേറ്റന്‍റ് നേടിയെടുത്ത് എം ജി സർവകലാശാല

ഇലക്‌ട്രിക് കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിങ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേന്ദ്ര സർക്കാർ പേറ്റൻ്റ് നേടിയെടുത്ത് എം ജി സർവകലാശാല.

patent  central government patent  mg university  kottyam mg university  patent for mg university  kottyam  നാനോ കോമ്പസിറ്റ്  Nano composite  central government  പ്രഫ സാബു തോമസ്  ഡോ ജോസ്മിൻ  കോട്ടയം  കോട്ടയം വാർത്തകൾ  Electricity  Kerala Electricity  എം ജി സർവകലാശാല
കേന്ദ്ര സർക്കാർ പേറ്റന്‍റ് നേടിയെടുത്ത് എം ജി സർവകലാശാല

By

Published : Feb 11, 2023, 3:18 PM IST

കോട്ടയം : വൈദ്യുതി വിതരണത്തിൽ ഗുണകരമാകുന്ന കണ്ടുപിടുത്തം നടത്തിയ എംജി സർവകലാശാലയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു. വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിങ് നാനോ ഡൈലക്ട്രിക്പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് സർവകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റൻ്റ് ലഭിച്ചത്. പുതിയ നാനോ കോമ്പസിറ്റ് കൂടുതൽ കാലം നിലനിൽക്കുന്നതും, ഇരട്ടി ഗുണമേന്മയുള്ളതുമാണെന്നാണ് അവകാശപ്പെടുന്നത്.

സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസും തിരുവല്ല മാർതോമാ കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്‌മിൻ പി. ജോസുമാണ് പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ചുകൊണ്ട് പുതിയ പോളിമെർ സംയുക്തം വികസിപ്പിച്ചെടുത്തത്. ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണത്തോടുകൂടിയാണ് പുതിയ നാനോ കോമ്പസിറ്റ് വികസിപ്പിച്ചത്. വളരെ കുറഞ്ഞ അളവിൽ അലുമിന നാനോകണങ്ങൾ ക്രോസ് ലിങ്ക്ഡ് പോളി എത്തിലിനിൽ വിന്യസിച്ച് ഉത്പാദിപ്പിക്കുന്ന സംയുക്തത്തിന് ഹൈ വോൾട്ടേജ് കേബിളുകളുടെ ഇൻസുലേഷനുവേണ്ടി നിലവിൽ ഉപയോഗിക്കുന്ന പദാർത്ഥങ്ങളേക്കാൾ ഇരട്ടി ഗുണമേന്മയാണുണ്ടാകുക.

കൂടാതെ മറ്റുള്ള പദാർത്ഥങ്ങളേക്കാൾ ഇവ താരതമ്യേന കൂടുതൽ കാലം നിലനിൽക്കുന്നതുകൊണ്ട് തന്നെ ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. 2018 ഒക്ടോബറിലാണ് സർവകലാശാല പേറ്റൻ്റിന് അപേക്ഷ നൽകിയത്. വൈദ്യുതി വിതരണ മേഖലയിൽ ഗുണപരമായ ഒരുപാട് നല്ല മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതാണ് ഈ കണ്ടുപിടുത്തം.

ABOUT THE AUTHOR

...view details