കോട്ടയം:നാമജപ ഘോഷയാത്ര നടത്തിയവരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലങ്കിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം നടത്തിയ ആയിരക്കണക്കിന് ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതും പിൻവലിക്കണമെന്ന് ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നാമജപ ഘോഷയാത്രയിലടക്കം എടുത്ത കേസുകൾ പിൻവലിക്കണം: രമേശ് ചെന്നിത്തല - നാമജപ ഘോഷയാത്ര വാർത്ത
യുഡിഎഫ് സീറ്റ് വിഭജനം തർക്കില്ലാതെ നടത്തുമെന്നും ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്തെത്തി കഴിഞ്ഞാൽ ഇക്കാര്യങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല.
മാണി സി കാപ്പൻ എത്തിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും കാപ്പനെ യുഡിഎഫിന്‍റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങളിൽ കാപ്പനുമായി ചർച്ച നടത്തി തീരുമാനിക്കും. എൽഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് എല്ലാവർക്കും അറിയാം. യുഡിഎഫ് സീറ്റ് വിഭജനം തർക്കില്ലാതെ നടത്തുമെന്നും ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്തെത്തി കഴിഞ്ഞാൽ ഇക്കാര്യങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫിൽ എല്ലാ ഘടകകക്ഷികളും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് സ്വഭാവികം മാത്രമാണെന്നും മുന്നണി മാന്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞായറാഴച രാത്രി കോട്ടയം നഗരത്തിൽ ഡിസിസിയുടെ നേതൃത്വത്തിൽ ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നൽകിയിരുന്നു . തിങ്കളാഴ്‌ച യാത്ര ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തി ആലപ്പുഴ ജില്ലയിലേക്ക് കടക്കും.