കോട്ടയം: നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാർ പഴക്കടയിലേക്ക് ഇടിച്ചുകയറി. അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്. പൊതുമരാമത്ത് ഗസ്റ്റ് ഹൗസിന് സമീപത്തെ ഡി ഫ്രൂട്‌സ് എന്ന കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കാർ യാത്രക്കാർക്കും കടയിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റില്ല.
തിങ്കളാഴ്‌ച രാവിലെ 11.30നായിരുന്നു അപകടം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ടിബി റോഡ് ഭാഗത്തേക്ക് പോയ കാർ ബ്രേക്ക് നഷ്‌ടപ്പെട്ട് അതിവേഗത്തിൽ കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനം അതിവേഗത്തിൽ വരുന്നത് കണ്ട് വഴിയാത്രക്കാരും കടയിലുണ്ടായിരുന്ന ആളുകളും ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി.