കോട്ടയം : ചങ്ങനാശ്ശേരി ഉലക്കത്താനം പാടശേഖരത്തില്‍ മടവീഴ്‌ച. 16 കര്‍ഷകരുടെ 53 ഏക്കര്‍ കൃഷിയിടത്തിലാണ് മടവീഴ്‌ചയുണ്ടായത്. രണ്ട് ലക്ഷത്തോളം രൂപ ചെലവിട്ട് തിങ്ങി നിറഞ്ഞ പോള നീക്കം ചെയ്‌ത് കൃഷിക്കായി വെള്ളം വറ്റിച്ച് ഒരുക്കിയ ഇടത്താണ് മടവീഴ്‌ചയുണ്ടായത്.
നവംബര്‍ 15ന് പുഞ്ചകൃഷിയിറക്കാനിരിക്കെയാണ് സംഭവം. പാടം വീണ്ടും കൃഷിക്ക് അനുയോജ്യമാക്കണമെങ്കില്‍ വീണ്ടും രണ്ട് ലക്ഷം രൂപയെങ്കിലും ചിലവഴിക്കേണ്ടി വരും. പാടത്തെ കല്‍ക്കെട്ടുകള്‍ പലയിടത്തും പൊളിഞ്ഞുകിടക്കുകയാണ്. നിരവധി തവണ ഇവിടെ മടവീഴ്‌ച ഉണ്ടായിട്ടുണ്ട്.
ചങ്ങനാശ്ശേരിയില്‍ മട വീഴ്‌ച; കര്‍ഷകര്‍ ആശങ്കയില്‍ ബണ്ടിന്‍റെ ബലക്ഷയം മാറ്റി മൂന്നടി ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി പാടത്തെ സംരക്ഷിക്കണമെന്നാണ് കാലങ്ങളായുള്ള കര്‍ഷകരുടെ ആവശ്യം. ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്താണ് കര്‍ഷകര്‍ കൃഷിക്കായി ഭൂമി ഒരുക്കിയത്. ഇനിയും കൃഷിക്കായി പാടം തയ്യാറാക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍.
പാടം ഒരുക്കി കൃഷിയിറക്കുമ്പോഴേക്കും ഇനിയും കാലതാമസമുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു. മാത്രമല്ല കൃഷി വകുപ്പിന്‍റെ സഹായം ലഭിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നും കര്‍ഷകര്‍ പറഞ്ഞു.