കോട്ടയം:ചങ്ങനാശേരിയിലെ ഇത്തിത്താനം എന്ന പ്രദേശത്തിന് പെരുമ നല്‍കിയിരുന്ന കാളവണ്ടിച്ചക്രങ്ങള്‍ വീണ്ടും ഉരുളും. കൊവിഡ് കാലത്ത് അതിജീവനം ആയാസകരമായതിനെ തുടര്‍ന്ന് പുല്ലാനിപ്പറമ്പില്‍ പി.ഡി. ജോസഫ് എന്ന കുട്ടപ്പന്‍ തന്‍റെ കാളവണ്ടിയുടെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി കാളകളെ ഒരു വര്‍ഷം മുന്‍പ് വിറ്റു. ന്യായമായ വില ലഭിച്ചാല്‍ കാളവണ്ടി വിറ്റ് പൈതൃകമായി ലഭിച്ച ഈ തൊഴില്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു റേഷന്‍ കട ജീവനക്കാരനായ കുട്ടപ്പന്‍റെ ലക്ഷ്യം.
എന്നാല്‍ മകന്‍ ജോയ്‌സ് തങ്ങളുടെ കുടുംബത്തിന്‍റെ പാരമ്പര്യ സ്വത്തായ കാളവണ്ടി കൈവിടാതെ തിരിച്ചുപിടിച്ചതോടുകൂടിയാണ് ജില്ലയിലെ അവശേഷിക്കുന്ന ഒരേയൊരു കാളവണ്ടി ഓര്‍മയാകാതിരുന്നത്.
കൊവിഡ് വിലങ്ങുതടിയായി
ഏഴര പതിറ്റാണ്ടായി നടത്തിവരുന്ന കാളവണ്ടി സർവീസിന് കുട്ടപ്പന്‍റെ പിതാവ് പാപ്പന്‍ എന്ന ദാവീദിലൂടെയായിരുന്നു തുടക്കം. ഒരുകാലത്ത് ഇത്തിത്താനത്ത് വിവിധ വ്യക്തികളുടേതായി നൂറുകണക്കിന് കാളവണ്ടികള്‍ ഉണ്ടായിരുന്നു.
വെട്ടുകല്ലുകളും തടികളും മറ്റുമായിരുന്നു മുഖ്യമായും കയറ്റിയിരുന്നത്. ഏത് ചെമ്മണ്‍പാതയിലൂടെയും കാളവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടുനീങ്ങുമായിരുന്നതുകൊണ്ട് അക്കാലത്തെ പ്രധാന ചരക്കുഗതാഗതവും ഇതായിരുന്നു.
എന്നാൽ റോഡുകള്‍ നവീകരിച്ചതും വിവിധ ചരക്കുവാഹനങ്ങള്‍ നിരത്തിലിറങ്ങിയതും ഈ സർവീസ് പതിയെ ഇല്ലാതാകുന്നതിന് കാരണമായി. ഒടുവിൽ കുട്ടപ്പന്‍റെ കാളവണ്ടി മാത്രമായി അവശേഷിച്ചു.
കൊവിഡ് പിടിമുറുക്കിയതും കാളകളെ പരിപാലിക്കുന്നതിനുള്ള അധിക ചെലവുമെല്ലാം കണക്കിലെടുത്ത് കാളകളെ വിറ്റ് സേവനം അവസാനിപ്പിക്കാമെന്ന് കുട്ടപ്പന്‍ തീരുമാനിക്കുകയായിരുന്നു.