കോട്ടയം:കേരളത്തിൽ കുരുമുളക് ഉല്‌പാദനം കുറഞ്ഞുനിൽക്കുമ്പോഴും വിപണിയിൽ വലിയ വിലയിടിവ്. കിലോയ്ക്ക് 720 രൂപയായിരുന്നത് 480 രൂപയിലേക്ക് കുറഞ്ഞു. കാലാവസ്ഥ വ്യതിയാനവും ഉല്‌പാദന ചെലവിലെ വർധനയും കുരുമുളക് കൃഷിയുടെ ഉല്‌പാദനത്തിൽ വലിയ തോതിൽ കുറവ് ഉണ്ടാകുന്നതായാണ് കർഷകർ പറയുന്നത്.
കുരുമുളക് ഉല്‌പാദനത്തിൽ മികച്ചു നിൽക്കുന്ന സംസ്ഥാനം കർണാടകയാണ്. ഇവിടെയും ഉല്‌പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻപ് ഒരു ലക്ഷം ടൺ വരെ കുരുമുളക് ഉൽപാദിപ്പിച്ചിരുന്ന ഇന്ത്യൻ വിപണിയിൽ 70000 ടൺ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ബാക്കി ആവശ്യത്തിനുള്ള കുരുമുളക് ശ്രീലങ്കയിൽ നിന്നടക്കം ഇറക്കുമതി ചെയ്യുകയാണ്.