കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗം ഉൾപ്പെടെ ആറ് വകുപ്പുകൾ ചേർത്ത് പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 24 പേജുള്ള കുറ്റപത്രത്തിൽ പത്തുപേരുടെ മൊഴിയും 83 സാക്ഷിമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരം ഉപയോഗിച്ചത് സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിരയിരിക്കുന്നത്.
2014 മെയ് 5 മുതൽ 2016 സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രീയ തെളിവുകളും വൈദ്യപരിശോധനയും ബിഷപ്പിന് എതിരാണ്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തിലിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഡിജിപിക്ക് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണെന്നും പരിശോധനയ്ക്കുശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമായിരുന്നു പൊലീസ് നൽകിയ വിശദീകരണം. നിരവധി പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് പാല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.