കോട്ടയം: സ്വർണത്തിന്‍റെ നിബന്ധിത ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ് 2021 ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ ചെറുകിട ഇടത്തരം സ്വര്‍ണ വ്യാപാര മേഖല തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍. രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും മുഴുവൻ സ്വർണ വ്യാപാരികളും ഹാള്‍ മാര്‍ക്കിംഗ് സംവിധാനത്തിലേക്ക് കടന്നു വരണമെങ്കില്‍ താലൂക്ക് അടിസ്ഥാനത്തിലെങ്കിലും ഹാള്‍ മാര്‍ക്കിംഗ് സെന്‍ററുകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും നിലവില്‍ ഇത്തരം സെന്‍ററുകള്‍ പൂർണമായും സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തുന്നവയല്ലയെന്നും അസോസിയേഷന്‍ പറഞ്ഞു. സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലുള്ള സെന്‍ററുകളിലെ ഹാള്‍ മാര്‍ക്കിംഗ് സുതാര്യവും കൃത്യതയും ഇല്ലാത്തതാണെന്നും വന്‍കിട കോര്‍പ്പറേറ്റുകള്‍ ബിനാമി പേരുകളില്‍ ഹാള്‍ മാര്‍ക്കിംഗ് സെന്‍ററുകള്‍ നടത്തുന്നതായും അസോസിയേഷന്‍ ആരോപിച്ചു.
ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ് സെന്‍ററുകൾ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍
മുഴുവൻ സ്വർണ വ്യാപാരികളും ഹാള്‍ മാര്‍ക്കിംഗ് സംവിധാനത്തിലേക്ക് കടന്നു വരണമെങ്കില്‍ താലൂക്ക് അടിസ്ഥാനത്തിലെങ്കിലും ഹാള്‍ മാര്‍ക്കിംഗ് സെന്‍ററുകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു
കോര്‍പ്പറേറ്റുകള്‍ ഇറിഡിയം, റുതേനിയം തുടങ്ങി ആരോഗ്യത്തിന് വരെ ഹാനികരമായ വിലകുറഞ്ഞ ലോഹങ്ങള്‍ ചേര്‍ത്ത് ഉരുക്കി സ്വർണം ഉണ്ടാക്കുന്നതായും ഇവര്‍ പറഞ്ഞു. ഇത്തരത്തിലാണ് കുറഞ്ഞ പണിക്കൂലിയും ആകര്‍ഷകമായ ഓഫറുകളും നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സാധിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകള്‍ ചെറുകിട ഇടത്തരം സ്വര്‍ണ വ്യാപാര മേഖലയെ പാടെ തകര്‍ക്കുന്നതാണെന്നും ഇതിന് തടയിടാന്‍ ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ് സെന്‍ററുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും നിര്‍ബന്ധിത ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ് പ്രാബല്യത്തില്‍ വന്നതിന് ശേഷവും ആളുകള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഹാള്‍ മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും മാറ്റി വാങ്ങുന്നതിനും തടസമുണ്ടാകില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.